തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയെപറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. ഇതിനായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായും ബെഹ്റപറഞ്ഞു. ശബ്ദരേഖയെ പറ്റി അന്വേഷണം നടത്തണമെന്ന ജയിൽ വകുപ്പിന്റെ അഭ്യർത്ഥനയെ തുടർന്നാണ് പൊലീസിന്റെ നടപടി.
ഇ.ഡിക്കെതിരെ പ്രചരിക്കുന്ന ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇഡിക്ക് മറുപടി നൽകാൻ അന്വേഷണം വേണമെന്ന് ജയില്‍മേധാവി ഋഷിരാജ് സിംഗ് പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഇതെതുടർന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.
ശബ്ദം സ്വപ്‌നയുടെതല്ലെന്നും ചോർന്നത് ജയിലിൽ നിന്നല്ലെന്നും ജയിൽവകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനാൽ അന്വേഷണം നടത്താനാകില്ലെന്ന നിലപാടും ജയിൽ അധികൃതർ സ്വീകരിച്ചു.എന്നാൽ ശബ്ദരേഖ ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്ന ഇഡി അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. ഇക്കാരണത്താലാണ് ജയിൽ വകുപ്പിനോട് ഇഡി അന്വേഷണം ആവശ്യപ്പെട്ടത്.
ജയിലിൽ നിന്നല്ല ശബ്ദരേഖ ചോർന്നതെന്ന നിഗമനത്തിലെത്തിയ ജയിൽവകുപ്പ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാതെ വിവരങ്ങൾ മാത്രമാണ് ഡി.ജി.പിയെ ധരിപ്പിച്ചത്. സ്വപ്ന ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത് കൊണ്ടാണ് രേഖാമൂലം റിപ്പോർട്ട് തയ്യാറാക്കാത്തതെന്നായിരുന്നു വിശദീകരണം.എന്നാൽ ഇഡിയുടെ കത്തിൽ ജയിൽവകുപ്പ് കൃത്യമായ മറുപടി നൽകേണ്ടിവരും. ചുരുങ്ങിയ സമയത്തിനുള്ളിൽ സ്വപ്നയെ ചോദ്യം ചെയ്യുകയും ശബ്ദരേഖ ചോർന്നത് ജയിലിൽ നിന്നല്ലെന്ന് കണ്ടെത്തുകയും ചെയ്‌തത് ഇഡി സംശയിക്കുന്നുണ്ട്. ശബ്ദരേഖയിൽ ഇഡിയുടെ പേര് പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടാക്കാൻ കേന്ദ്ര ഏജൻസി ശ്രമിച്ചുവെന്ന ആരോപണമാണ് ഇതിലുള്ളത്.