ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ചെൽസി പോയിന്റ് ടേബിളിൽ ഒന്നാമതെത്തി, ന്യൂകാസിലിന്റെ തട്ടകമായ സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ആതിഥേയ താരം ഫെഡറിക്കോ ഫെർണാണ്ടസിന്റെ വകയായി കിട്ടിയ സെൽഫ് ഗോളും ടാമ്മി അബ്രഹാമിന്റെ ഗോളുമാണ് ചെൽസിക്ക് ജയമൊരുക്കിയത്. ന്യൂകാസിലിനെതിരെ പ്രിമിയർ ലീഗിൽ ചെൽസിയുടെ ഇരുപത്തിയാറാമത്തെ വിജയമാണ്. സ്വന്തം തട്ടകത്തിൽ അവസാനം കളിച്ച ഏഴ് പ്രിമിയർ ലീഗ് മത്സരങ്ങളിൽ അഞ്ചിലും ന്യൂകാസിൽ തോറ്റു.
പത്താം മിനിറ്റിൽത്തന്നെ ഫെർണാണ്ടസിന്റെ സെൽഫ് ഗോളിലൂടെ ചെൽസി ലീഡെടുത്തു. അറുപത്തയിഞ്ചാം മിനിട്ടിൽ തിമോ വെർണറുടെ പാസിൽ നിന്നാണ് അബ്രഹാമിന്റെ ഗോൾ പിറന്നത്.
സ്പാനിഷ് ലാലിഗയിൽ ഒസാസുനയും ഹ്യുയേസ്കയും എൽച്ചെയും ലെവാന്റെയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.