അതിമനോഹരമായ ചെറി പുഷ്പങ്ങൾ വിടർന്ന് പിങ്കും വെളുപ്പും ഇടകലർന്ന മായാലോകം. ചെറി ബ്ലോസം പെയ്തിറങ്ങുന്ന ഈ പ്രദേശം വാഷിംഗ്ടണെ പാരീസോ ജപ്പാനോ അല്ല, നമ്മുടെ ഇന്ത്യയാണ്. വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയിലെ ഷില്ലോംഗിൽ നിന്നുള്ള വർണക്കാഴ്ചയാണിത്.
കൊവിഡ് മഹാമാരി ഇല്ലായിരുന്നുവെങ്കിൽ ഇപ്പോൾ സഞ്ചാരികളുടെ പറുദീസയായി മാറുമായിരുന്നു ഷില്ലോംഗ്. പ്രകൃതി വിരിച്ച അതിമനോഹരമായ ഈ കാഴ്ച ഇപ്പോൾ ആളും ആരവവുമില്ലാതെ കടന്നുപോവുകയാണ്.
ജപ്പാനിലെയും പാരീസിലെയും ചെറി ബ്ലോസം കാണാൻ സാധിക്കാത്തവർ ചെറിപ്പൂക്കൾ വീണുകിടക്കുന്ന ഷില്ലോഗിലെ വീഥികളിലേക്കാണ് ഓടിയെത്തുന്നത്. എല്ലാ വർഷവും ചെറി ബ്ലോസം സീസണിൽ ഷില്ലോംഗിൽ ഇന്ത്യ ഇന്റർനാഷണൽ ചെറി ബ്ലോസം ഫെസ്റ്റിവൽ നടത്തുമായിരുന്നു. കൊവിഡായതിനാൽ ഇത്തവണ അത് മാറ്റിവച്ചു.
കൊവിഡ് മനുഷ്യരുടെ വരവ് തടഞ്ഞെങ്കിലും പ്രകൃതിയൊരുക്കിയ വർണവസന്തത്തെ തടയാനായില്ല. നവംബർ അവസാനം വരെ ചെറിപ്പൂക്കൾ പൂത്തുനില്ക്കുമെന്നാണ് കരുതുന്നത്. ജപ്പാനേക്കാളും ഷില്ലോംഗിലെ ചെറി ബ്ലോസം കാണാനാണ് ഭംഗിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Meghalaya: Cherry blossom flowers start blooming in Shillong, this season
— ANI (@ANI) November 21, 2020
"I always like to be outdoors this season. Despite the ongoing pandemic people are still coming to see the flowers. I think Shillong is most happening place after Japan for cherry-blossoms," says one local pic.twitter.com/PXYt0Qv41W
ഹിമാലയത്തിന്റെ സമ്മാനമെന്നറിയപ്പെടുന്ന ഈ ചെറിപ്പൂക്കൾ വടക്ക് കിഴക്കൻ ഖാസി കുന്നുകളെ പിങ്ക് കടലാക്കി മാറ്റുന്നു. ജപ്പാനിലും പാരീസിലും നടത്തേണ്ടിയിരുന്ന ചെറി ബ്ലോസം ഫെസ്റ്റിവലുകളും ഈ വർഷം മാറ്റിവച്ചിരുന്നു. ജപ്പാനിൽ ഏപ്രിൽ മുതലുള്ള വസന്തകാലത്തിലാണ് ചെറി ബ്ലോസം സീസൺ. എന്നാൽ വടക്ക് കിഴക്കൻ ഇന്ത്യയിൽ നവംബർ മാസത്തിലാണ് ചെറിപ്പൂക്കൾ പൂത്തുലയുന്നത്.