kabul-attack

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ തീവ്രവാദികള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എംബസികളും അന്താരാഷ്ട്ര സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ സ്ഥലത്താണ് ആക്രമണം നടന്നത്. ട്രക്കില്‍ റോക്കറ്റ് എത്തിച്ചാണ് ആക്രമണം നടത്തിയത്.


'തീവ്രവാദികള്‍ ചെറിയൊരു ട്രക്കിലാണ് സ്‌ഫോടക വസ്തുക്കള്‍ സ്ഥലത്ത് എത്തിച്ചത്. വാഹനം നഗരത്തിനുള്ളില്‍ എങ്ങനെയെത്തി എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരവക്താവ് താരിഖ് അരിയന്‍ പറഞ്ഞു.

പ്രാഥമിക വിവരപ്രകാരം എട്ട് പേരാണ് റോക്കറ്റ് ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ചിരിക്കുന്നത്. 31 പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.' താരിഖ് പറഞ്ഞു.


ആക്രമണത്തിന്റെ ആഘാതം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തീവ്രവാദി സംഘടനയായ താലിബാന്‍ വ്യക്തമാക്കി. പൊതു സ്ഥലത്ത് കണ്ണടച്ചുള്ള ആക്രമണത്തിന് മുതിരരുതെന്നും തീവ്രവാദി സംഘം ആഹ്വാനം ചെയ്തു.