മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് മുംബയ് സിറ്റിഎഫ്.സിയെ കീഴടക്കി. സെർജിയോ ലൊബേറോ എന്ന സൂപ്പർ കോച്ചിന്റെ ശിക്ഷണത്തിൽ ഒഗ്ബച്ചെയും ബൗമസുമെല്ലാം അണിനിരന്ന മുംബയ് നിരയെ 49-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ക്വെസി ആപ്പിയ നേടിയ ഗോളിലാണ് നോർത്ത് ഈസ്റ്റ് മറികടന്നത്. 43-ാം മിനിട്ടിൽ അഹമ്മദ് ജാഹു ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് മുംബയ് മത്സരം പൂർത്തിയാക്കിയത്. ആദ്യ പകുതിയിൽ നിറഞ്ഞ് കളിച്ച ജാഹുവിന് മാർച്ചിംഗ് ഓർഡർ കിട്ടിയത് കളിയിൽ വഴിത്തിരിവാകുകയും മുംബയ് പിന്നാക്കം പോവുകയുമായിരുന്നു.
പാസിംഗിലും പൊസഷനിലും മികച്ച് നിന്നത് മുംബയ് ആയിരുന്നെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ അവർക്ക് തിരിച്ചടിയായി. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും തൊടുക്കാൻ അവർക്ക് കഴിഞ്ഞില്ല. ജയത്തോടെ കഴിഞ്ഞ സീസണിൽ മുംബയ്ക്കെതിരെ ഒരു മത്സരത്തിലും ജയിക്കാനായില്ലെയെന്ന ചീത്തപ്പേരിന് പകരം വീട്ടാനും നോർത്ത് ഈസ്റ്റിനായി.
മുംബയ്യുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എട്ടാം മിനിട്ടിൽ മുംബയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടു പിന്നാലെ ലഭിച്ച കോർണറും പാഴായി. തുടർന്നുള്ള മുംബയ് ആക്രമണങ്ങളെ അവസരത്തിനൊത്തുയർന്ന നോർത്ത് ഈസ്റ്റ് പ്രതിരോധ നിര സമർത്ഥമായി നേരിട്ടു.
ഇതിനിടെ അഹമ്മദ് ജാഹുവിന്റെ രണ്ട് ലോംഗ് റേഞ്ചറുകൾ നോർത്ത് ഈസ്റ്റ് ഗോൾ മുഖത്ത് പരിഭ്രാന്തിപരത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഇടവേളയ്ക്ക് ശേഷം മുംബയ് ആക്രമണം കടുപ്പിച്ചു. നാലപത്തിയൊമ്പതാം മിനിട്ടിൽ ബോക്സിനുള്ളിൽവച്ച് മുംബയ്യുടെ റൗളിങ്ങിന്റെ കൈയിൽ പന്ത് തട്ടിയതിനെ തുടർന്ന് നോർത്ത് ഈസ്റ്റിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ആപ്പിയ പിഴവില്ലാതെ പന്ത് വലയിലാക്കി നോർത്ത് ഈസ്റ്റിന് ജയം സമ്മാനിക്കുകയായിരുന്നു. ഗോൾ വഴങ്ങിയ ശേഷം മുംബയ് ആക്രമണം ശക്തമാക്കിയെങ്കിലും ഒന്നും അവർക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല.