ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ധീരമായപരിഷ്‌ക്കാരങ്ങൾ വരും വർഷങ്ങളിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച
ദ്രുതഗതിയിലാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനി.
മോദിയുടെ നേത്യത്വം ലോകത്തിന് മുന്നിൽ ഇന്ത്യയ്ക്ക് പുതിയ മുഖം നൽകിയെന്നും അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ദൃഢനിശ്ചയവും രാജ്യത്തെ ശക്തിപ്പെടുത്തുമെന്നും അംബാനി പറഞ്ഞു. പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി നടത്തിയ വെർച്വൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അംബാനി.
"എനിക്ക് ഉറപ്പുണ്ട് അദ്ദേഹത്തിന്റെ ധീരമായ പരിഷ്‌ക്കാരങ്ങൾ ഇന്ത്യയുടെ വീണ്ടെടുക്കലിനും ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതിക്കും വഴിയൊരുക്കും." അംബാനി പറഞ്ഞു. പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂണിവേഴ്സിറ്റി ആത്മനിർഭർ ഭാരതിന്റെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നുവെന്നും അംബാനി കൂട്ടിച്ചേർത്തു. പി.ഡി.പി.യു ആരംഭിച്ചിട്ട് പതിനാല് വർഷം മാത്രമെ ആയിട്ടുള്ളുവെന്നും എന്നാൽ ഇത് അറ്റൽ റാങ്കിംഗിൽ 25ാം സ്ഥാനത്താണെന്നും അംബാനി പറഞ്ഞു.
ഊർജത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും ഈ മാറ്റങ്ങൾ മനുഷ്യരാശിയുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും അംബാനി ഓർമപ്പെടുത്തി. പരിസ്ഥിതിക്ക് ദോഷം വരുത്താതെ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നിലനിർത്താൻ ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുമോ എന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. ഹെെഡ്രജനിലൂടെ ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുന്ന സാദ്ധ്യതകളും അംബാനി എടുത്തുകാട്ടി.