ന്യൂഡൽഹി : ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വില്ലൻ പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. എത്ര കുറച്ചാലും വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ അവശേഷിക്കുന്നത് വെല്ലുവിളിയാണ്. എന്നാൽ ഇതിന് മികച്ച ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കര്‍ണാടകയിലെ പ്ലാസ്റ്റിക് ഫോർ ചേഞ്ച് ഇന്ത്യാ ഫൗണ്ടേഷന്‍.
റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്ക് കൊണ്ട് പരിസ്ഥിതി സൗഹൃദമായ ഒരു വീട് ഇവർ നിര്‍മിച്ചു. 1,500 കിലോ പ്ലാസ്റ്റിക് കൊണ്ടാണ് മംഗളൂരുവിലെ പച്ചാനദി എന്ന സ്ഥലത്ത് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. വീടുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഒരു സ്ത്രീയ്ക്ക് വേണ്ടിയാണ് പ്ലാസ്റ്റിക് ഫോർ ചേഞ്ച് ഇന്ത്യാ ഫൗണ്ടേഷന്‍ഈ വീട് നിര്‍മിച്ചിരിക്കുന്നത്.
നാലര ലക്ഷം രൂപയാണ് വീട് നിർമാണത്തിന് വേണ്ടി വന്ന ചെലവ്. ചെലവ് കുറവായ ഈ വീട് പരിസ്ഥിതിക്ക് യാതൊരു ദോഷവും വരുത്തുകയുമില്ല. സംസ്‌കരിച്ച പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ട് തയ്യാറാക്കിയ 60 പാനലുകളാണ് വീടിനായി ഉപയോഗിച്ചിരിക്കുന്നത്. ഓരോ പാനലും 25 കിലോ പ്ലാസ്റ്റിക്ക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കര്‍ണാടകയിലെ ആദ്യത്തെ റീസൈക്കിള്‍ഡ് പ്ലാസ്റ്റിക് വീടാണ് ഇത്. ഇതുപോലെ 20 വീടുകള്‍ കൂടി ഈ പ്രദേശത്ത് പണിയാൻ പ്ലാസ്റ്റിക് ഫോർ ചേഞ്ച് ഇന്ത്യാ ഫൗണ്ടേഷൻ ആലോചിക്കുന്നുണ്ട്.