ന്യൂഡൽഹി: ഇന്നലെ ആരംഭിച്ച ജി 20 ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദി അറേബ്യയിലാണ് ഇപ്രാവശ്യത്തെ ഉച്ചകോടി നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരും വീഡിയോ കോൺഫറൻസിംഗിലൂടെ ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് മൂലം ലോകത്തിന് സംഭവിച്ച ആഘാതത്തെക്കുറിച്ചും പുനരുജ്ജീവനത്തെക്കുറിച്ചും കൊവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ചുമാണ് നേതാക്കൾ പ്രധാനമായും ചർച്ച ചെയ്തത്.
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും ചടങ്ങിൽ സന്നിഹിതനായിരുന്നു. കൊവിഡ് വാക്സിനെക്കുറിച്ച് നമുക്ക് ശുഭാപ്തിവിശ്വാസമുണ്ടെങ്കിലും ചികിത്സയും പരിശോധന സംവിധാനങ്ങളുമെല്ലാം താങ്ങാൻ പറ്റുന്ന വിലയിൽ എല്ലാവർക്കും തുല്യമായി നൽകണമെന്ന് അദ്ദേഹം പറഞ്ഞു.