സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചെെനീസ് ഓൺലെെൻ ഗെയിമായ പബ്‌ജി കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ പബ്‌ജി ഇന്ത്യയിലേക്ക് തിരികെ വരുന്നതായി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. പബ്‌ജി മൊബെെൽ ഇന്ത്യയും ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടിരുന്നു.കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം ഗെയിമിന്റെ ഡൗൺലോഡ് ലിങ്ക് പബ്‌ജി മൊബെെൽ ഇന്ത്യ തങ്ങളുടെ വെബ്‌സെെറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ലിങ്ക് അപ്രത്യക്ഷമാവുകയും ചെയ്‌തു.
ലിങ്ക് നൽകിയിരുന്നെങ്കിലും ഇതിൽ നിന്നും ഗെയിം ഡൗൺലോഡ് ചെയ്യാൻ സാധിച്ചിരുന്നില്ല. പബ്‌ജി മൊബെെൽ ഇന്ത്യ രാജ്യത്ത് വീണ്ടും ലോഞ്ച് ചെയ്യുന്നതിന്റെ ഭാഗമായി സൈറ്റിന്റെ ബാൻഡ്‌വിഡ്ത്ത് പരിശോധിക്കുന്നതിനാണ് ഡൗൺലോഡ് ലിങ്ക് നൽകിയിരുന്നതെന്നും പറയപ്പെടുന്നു. ഇതോടെ പബ്‌ജി മൊബെെൽ ഗെയിം വെെകാതെ ഇന്ത്യയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഗെയിമർമാർ. നിരവധി പേരാണ് ഗെയിം തിരികെ എത്താനായി കാത്തിരിക്കുന്നത്. ലഡാക്ക് അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ പബ്‌ജി നിരോധിച്ചിത്.