c-krishnakumar

പാലക്കാട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാർ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യയുടെ കുടുംബം. കൃഷ്ണകുമാറിന്റെ ഭാര്യയും നഗരസഭയിലേക്ക് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥിയുമായ മിനി കൃഷ്ണകുമാറിന്റെ അമ്മ വിജയകുമാരിയും സഹോദരി സിനി സേതുമാധവനുമാണ് പത്രസമ്മേളനം നടത്തി ബി.ജെ.പി നേതാവിനെതിരെ രംഗത്തെത്തിയത്.

കഴിഞ്ഞ ഏഴ് വർഷമായി വിജയകുമാർ തങ്ങളെ ദ്രോഹിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. നാട്ടുകാരുടെ മുൻപിൽ വച്ചുപോലും ബി.ജെ.പി നേതാവ് തങ്ങളെ ക്രൂരമായി ഉപദ്രവിച്ചുവെന്നും അമ്മയുടെ പേരിലുണ്ടായിരുന്ന 15 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും വിജയകുമാരിയും സിനിയും പറഞ്ഞു.

സ്വന്തം വീട്ടിൽ നിന്നുതന്നെ അഴിമതിക്ക് തുടക്കമിട്ടയാളാണ് കൃഷ്ണകുമാറെന്നും സ്വന്തം കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് നാടിനെ സംരക്ഷിക്കാന്‍ കഴിയുകയെന്നും വിജയകുമാരി ചോദിച്ചു. കൃഷ്ണകുമാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പുറത്തുപറയാതെ തങ്ങൾ മുന്നോട്ട് പോകുകയായിരുന്നുവെന്നും എന്നാൽ ബി.ജെ.പിയും ഇക്കാര്യത്തിൽ തങ്ങളെ കൈവിട്ടതോടെ പ്രശ്നം പരസ്യമാക്കാൻ നിർബന്ധിതരാകുകയായിരുന്നു എന്നും ഇരുവരും പറയുന്നു.

മകൾ മത്സരിക്കുന്ന പതിനെട്ടാം വാർഡ് കൊപ്പത്തിൽ മത്സരിച്ചുകൊണ്ട് കൃഷ്ണകുമാറിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടുമെന്നും അദ്ദേഹം ചെയ്ത അഴിമതിയും അക്രമവും പരസ്യമാക്കുമെന്നും വിജയകുമാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൃഷ്ണകുമാറിൽ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനോട് പരാതി പറഞ്ഞുവെങ്കിലും കുടുംബപ്രശ്‌നങ്ങള്‍ പാര്‍ട്ടിയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്ന് അദ്ദേഹം തിരിച്ചുചോദിക്കുകയാണ് ഉണ്ടായതെന്നും ഇരുവരും പറഞ്ഞു.