lotterry

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികൾക്കും നിയന്ത്രണങ്ങൾക്കുമിടയിൽ റെക്കോർഡുകൾ മറികടന്ന് കേരള ഭാഗ്യക്കുറി വിൽപ്പന. തിങ്കളാഴ്‌ച നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറിയുടെ ഒരു കോടിയിലധികമുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയി. വിൻ വിൻ ഡബ്ല്യു 591 ഭാഗ്യക്കുറിയുടെ അച്ചടിച്ച 1,00,20,000 ടിക്കറ്റുകളും ശനിയാഴ്ച ഉച്ചയോടെയാണ് ഓഫീസുകളിൽ നിന്നു വിറ്റുമാറിയത്.

കേരള ഭാഗ്യക്കുറി പ്രതിവാര ടിക്കറ്റ് വില 40 രൂപയായി വർദ്ധിപ്പിച്ച ശേഷം ആദ്യമായാണ് ടിക്കറ്റ് വിൽപന ഒരു കോടി ഇരുപതിനായിരം കടക്കുന്നത്. നേരത്തെ 30 രൂപ വിലയുള്ള ടിക്കറ്റുകൾ ഒരു കോടി എട്ടു ലക്ഷം വരെ വിറ്റു പോയിട്ടുണ്ട്.40 രൂപ വിലയുള്ള ഒരു കോടി ഇരുപതിനായിരം ടിക്കറ്റുകൾ വിൽക്കുന്നതിലൂടെ സമ്മാനമായി ഏകദേശം 23.5 കോടി രൂപ വിതരണം ചെയ്യും. ഇതിൽ നിന്നും 28% നികുതിയായി കേന്ദ്ര സംസ്ഥാന സർക്കാർ ഖജനാവുകളിലേക്കും എത്തും. ബാക്കി ഏജന്റ് കമ്മീഷൻ, ലാഭം എന്നിവരിലേക്കും പോകും.

കൊവിഡ് ലോക്‌ഡൗണിനെ തുടർന്ന് മാർച്ച് 23 മുതൽ രണ്ട് മാസത്തോളം ടിക്കറ്റുകൾ റദ്ദാക്കുകയും ഏതാനും നറുക്കെടുപ്പുകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇളവുകളെ തുടർന്ന് ജൂലായിൽ പുനഃരാരംഭിച്ച ഭാഗ്യക്കുറി നറുക്കെടുപ്പ് ആഴ്ചയിൽ മൂന്ന് തവണയാണ് നടത്തുന്നത്. ഡിസംബർ ഒന്ന് മുതൽ ഇത് ആഴ്ചയിൽ അഞ്ച് ആക്കി വർദ്ധിപ്പിക്കും.