ന്യൂഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് വെെറസ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പ്രതിസന്ധി നേരിടാൻ ഭരണ സംവിധാനങ്ങളിൽ കൂടുതൽ സുതാര്യത വേണമെന്നും മോദി പറഞ്ഞു. സൗദി അറേബ്യയുടെ അധ്യക്ഷതയിൽ നടക്കുന്ന രണ്ട് ദിവസത്തെ ജി 20 വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി20 ഉച്ചകോടി സാമ്പത്തിക വീണ്ടെടുക്കൽ, ജോലി, വ്യാപാരം എന്നിവയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കരുതെന്നും ഭൂമിയെ സംരക്ഷിക്കുന്നതിൽ നടപടി ആവശ്യമാണെന്നും മോദി പറഞ്ഞു. കൊവിഡിന് ശേഷമുള്ള ലോകത്തിനായി നാല് സുപ്രധാന നടപടികൾ അനിവാര്യമാണെന്നും മോദി കൂട്ടിച്ചേർത്തു.വിശാലമായ ടാലന്റ് പൂൾ സൃഷ്ടിക്കുക, സാങ്കേതികവിദ്യ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തുക,ഭരണ സംവിധാനങ്ങളിലെ സുതാര്യത ഉറപ്പുവരുത്തുക, ട്രസ്റ്റീഷിപ്പ് മനോഭാവത്തോടെ ഭൂമിയുമായി ഇടപെടുക. ഒരു പുതിയ ലോകത്തിന് അടിത്തറയിടാൻ ജി20യെ ഇത് സഹായിക്കുമെന്നും മോദി വ്യക്തമാക്കി.
19 അംഗ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും യൂറോപ്യൻ യൂണിയന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളും മോദിക്കൊപ്പംജി20 ഉച്ചകോടിയിൽ പങ്കെടുത്തു.