surya

തന്റേതായ അഭിനയ മികവിലൂടെ ആരാധകരുടെ മനം കവർന്ന നടനാണ് സൂര്യ. ഓരോ സിനിമയിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളായി മാറി വിസ്‌മയം തീർക്കുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘സൂരറൈ പോട്ര്' വൻവിജയം ആയിരുന്നു. ബജറ്റ് ഏവിയേഷൻ അഥവാ ബജറ്റ് എയർ ലൈനുകൾക്ക് ഇന്ത്യയിൽ തുടക്കം കുറിച്ച ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥ പറയുന്ന ചിത്രം സിനിമ പ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.


‘നെടുമാരൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സൂര്യ നേരിട്ട വെല്ലുവിളികൾ എടുത്തു കാട്ടുകയാണ് ചിത്രത്തിൽ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച നടി ഉർവശി.ഒരു ഓൺലെെൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി മനസ് തുറന്നത്.

“സൂര്യ, സൂര്യയുടെ അച്ഛൻ, അമ്മ, ജ്യോതിക എല്ലാവരുമായും എനിക്ക് മുൻപേ നല്ല അടുപ്പമുണ്ട്. അവരുടെ പ്രൊഡക്ഷനിൽ മുൻപും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. വളരെ ‘ഡൌൺ ടു എർത്ത് ‘ ആണ് സൂര്യ. എല്ലാവരോടും സ്നേഹത്തോടെയും ആദരവോടെയും മാത്രമേ സംസാരിക്കൂ. വിനയവും പെരുമാറ്റത്തിലെ മാന്യതയുമെല്ലാം എടുത്തു പറയണം. കഥാപാത്രമായി മാറാനുള്ള അർപ്പണം പറയാതെ വയ്യ." ഉർവശി പറഞ്ഞു.

"ഈ സിനിമയുടെ സമയത്ത് തന്നെ വളരെ കുറച്ച് ഭക്ഷണം മാത്രം കഴിച്ചാണ് സൂര്യ ജീവിച്ചത്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമൊന്നും കഴിക്കില്ല, പച്ചക്കറികളും പഴങ്ങളും സലാഡും മാത്രം. കഠിനമായി വ്യായാമം ചെയ്യും. ലൊക്കേഷനിൽ ഒരിത്തിരി സമയം ഒഴിവു കിട്ടിയാൽ പോലും വെറുതെ ഇരിക്കില്ല. നടത്തവും വ്യായാമവുമൊക്കെ തന്നെ.”ഇതു വരെയുള്ള സൂര്യയുടെ പെർഫോമൻസിൽ എനിക്കേറ്റവും ഇഷ്ടം ‘സൂരറൈ പോട്ര്’ തന്നെയാണ്. ഏതു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് ഒരിക്കൽ കൂടി സൂര്യ തെളിയിച്ചു,” ഉർവശി കൂട്ടിച്ചേർത്തു.