ന്യൂഡൽഹി: ആയൂർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് പരിശീലനം നൽകില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആയുർവേദ ഡോക്ടർമാർക്ക് ഐഎംഎ അംഗങ്ങൾ പരിശീലനം നൽകില്ലെന്ന് ഐഎംഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആധുനിക വൈദ്യശാസ്ത്രത്തെ പാരമ്പര്യ രീതികളുമായി കൂട്ടിക്കുഴയ്ക്കരുതെന്നും,ആയുർവേദ ഡോക്ടർമാർ വേണമെങ്കിൽ അവരുടേതായ ശസ്ത്രക്രിയാ രീതികൾ വികസിപ്പിക്കട്ടെയെന്നും ഐഎംഎ പ്രതികരിച്ചു. അശാസ്ത്രീയ തീരുമാനത്തിനെതിരെ ശക്തമായപോരാട്ടം നടത്തുമെന്ന് സംഘടന വ്യക്തമാക്കി.
കഴിഞ്ഞദിവസം ആയൂർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു.ശസ്ത്രക്രിയയിൽ പ്രായോഗിക പരിശീലനം നേടിയശേഷം 34 തരം സർജറികൾ ആയുർവേദ ഡോക്ടർമാർക്ക് നടത്താമെന്നാണ് ഉത്തരവിൽ പറയുന്നത്.കൂടാതെ ശസ്ത്രക്രിയക്ക് സമാനമായ 19 ചികിത്സയ്ക്കും അനുമതിയുണ്ട്.