തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ ഭക്തരെ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ ശക്തമായി പാലിക്കുന്നതിനാൽ നിലവിൽ ഒരുദിവസം ആയിരം ഭക്തർക്ക് മാത്രമാണ് ശബരിമലയിൽ ദർശനത്തിന് അനുമതിയുളളത്. വാരാന്ത്യങ്ങളിൽ രണ്ടായിരം ഭക്തർക്ക് ദർശനത്തിന് അനുമതിയുണ്ട്. ഇത് 5000 ആയി ഉയർത്തുന്നത് പരിഗണിക്കുമെന്നാണ് മന്ത്രി പറയുന്നത്.
പലപ്പോഴും ബുക്കുചെയ്തവർ പോലും ദർശനത്തിന് എത്തുന്നില്ല. ഭക്തരുടെ എണ്ണം കുറഞ്ഞതോടെ കഴിഞ്ഞദിവസം ആഴി അണഞ്ഞത് വൻ വാർത്തയായിരുന്നു. പ്രതിദിനം മൂന്നരക്കോടിരൂപയിലധികം ഉണ്ടായിരുന്ന വരുമാനം നിലവിൽ 10 ലക്ഷം രൂപയിൽ താഴെയാണ്. ഇതോടെ ദേവസ്വം ബോർഡും വൻ പ്രതിസന്ധിയിലായി. ഇതിനെത്തുടർന്നാണ് തീർത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വംബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തിയശേഷമായിരിക്കും തീർത്ഥാടകരുടെ എണ്ണം ഉയർത്തുന്നകാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
മണ്ഡല ഉത്സവത്തിന് തുടക്കം കുറിച്ച ശേഷം ഇന്നലെയാണ് ആദ്യമായി 2000 തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തിയത്. എന്നാൽ സന്നിധാനത്ത് കാര്യമായ തിരക്കുകളാെന്നും അനുഭവപ്പെട്ടില്ല. അയ്യായിരം പേർ എത്തിയാലും കൊവിഡ് മാനദണ്ഡം പാലിച്ച് സുഗമമായി ദർശനം നടത്താനാകും. 1000 പേരെ നിശ്ചിത അകലത്തിൽ ഒരേസമയം നിറുത്താൻ മരക്കൂട്ടം ,ശരംകുത്തി വഴി സന്നിധാനത്തേക്കുള്ള പാതയിൽ സൗകര്യമുണ്ട്. ഈ പാത ഇനിയും തുറന്നിട്ടില്ല. ക്യൂ കോംപ്ളക്സ്, നടപന്തൽ എന്നിവ മരക്കൂട്ടം മുതലുണ്ട്. ഇന്നലെ മാത്രമാണ് ഭക്തരുടെ സാന്നിദ്ധ്യം മുഴുവൻ സമയവും പ്രകടമായത്.
കഴിഞ്ഞ ദിവസങ്ങളിൽ പതിനൊന്നു മണി കഴിഞ്ഞാൽ വിരലിൽ എണ്ണാവുന്ന തീർത്ഥാടകർ എത്തുന്ന കാഴ്ചയായിരുന്നുവെങ്കിൽ, ഇന്നലെ ഉച്ചപൂജ കഴിഞ്ഞപ്പോഴും തീർത്ഥാടകർ എത്തുന്നുണ്ടായിരുന്നു. പമ്പയിൽ നിന്ന് പുറപ്പെട്ട തീർത്ഥാടകരെല്ലാം ദർശനം നടത്തി എന്നുറപ്പ് വരുത്തിയ ശേഷമാണ് നടഅടച്ചത്. വൈകിട്ട് 6 മണിയോടെ നടപ്പന്തൽ കാലിയാവുകയും ചെയ്തു. 1768 തീർത്ഥാടകരെയാണ് വൈകിട്ട് 5 വരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് അയച്ചത്. നിശ്ചിത 2000 പേർക്ക് പുറമേ 1000 പേരേകൂടി റിസർവായി ഉൾപ്പെടുത്തിയിരുന്നു.