തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ ബാർ കോഴക്കേസിലെ അന്വേഷണാവശ്യത്തിൽ ഗവർണർ നിയമപരമായ പരിശോധന നടത്തും. ബിജു രമേശ് ഉന്നയിച്ച ആരോപണത്തിൽ പ്രാഥമികാന്വേഷണം നടത്താനാണ് വിജിലൻസിന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയത്. പ്രതിപക്ഷ നേതാവിന് കാബിനറ്റ് പദവിയുള്ളതിനാലാണ് അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടിയത്. അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല നേരത്തെ ഗവർണർക്ക് പരാതി നൽകിയിരുന്നു. മുൻമന്ത്രിമാരായ കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണം നടത്തും.പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ടതിനാൽ ഫയൽ രാജ്ഭവനിലേക്ക് അയച്ചിരിക്കുകയാണ്.
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബാർ കോഴക്കേസ് വീണ്ടും സജീവമാവുന്നത്. പൂട്ടിക്കിടന്ന 418 ബാറുകളുടെ ലൈസൻസ് പുതുക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിലെ ധനമന്ത്രി കെ.എം.മാണിക്ക് ഒരു കോടി രൂപ കോഴ നൽകിയെന്ന് ബാർഹോട്ടൽ ഉടമകളുടെ സംഘടനാ നേതാവ് ബിജുരമേശ് 2014ൽ ചാനൽചർച്ചയിൽ വെളിപ്പെടുത്തിയതാണ് കേസിന്റെ തുടക്കം. രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്ക് പണം എത്തിച്ചെന്ന് കഴിഞ്ഞ മാസം ബിജു വെളിപ്പെടുത്തിയതാണ് പുതിയ കേസിനാധാരം.ബിജുവിന്റെ വെളിപ്പെടുത്തലിൽ കഴമ്പുണ്ടെന്ന് രഹസ്യ പരിശോധനയിൽ കണ്ട വിജിലൻസ് പ്രാഥമികാന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടി.
മുഖ്യമന്ത്രി ഇന്നലെ അനുമതി നൽകുകയും ചെയ്തു. ബാർകോഴക്കേസ് വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി പ്രചാരണായുധമാക്കുമെന്ന് ഒക്ടോബർ 21ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.ആരോപണത്തിൽ നിന്ന് പിൻമാറാൻ ജോസ് കെ.മാണി 10 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.