തിരുവനന്തപുരം: സൈബർ അധിക്ഷേപം തടയാനെന്ന പേരിൽ പൊലീസ് ആക്ടിലെ ഭേദഗതി മാദ്ധ്യമങ്ങളെ കൂച്ചുവിലങ്ങിടാനാണെന്ന സംശയം ബലപ്പെടുന്നു. ആര് പരാതി നൽകിയാലും ഏത് മാദ്ധ്യമ വാർത്തയ്ക്കെതിരെയും പൊലീസിന് എളുപ്പത്തിൽ കേസെടുക്കാം എന്ന ഭേദഗതിയിലെ വ്യവസ്ഥയാണ് ഏറെ ആശങ്ക ഉണ്ടാക്കുന്നത്. ഇത് എല്ലാമാദ്ധ്യമങ്ങൾക്കും കുരുക്കാകുമെന്ന് വ്യക്തം.
ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി എന്നിവ ഉൾക്കൊള്ളുന്ന എന്തും ഏത് വിനിമയ ഉപാധി വഴി പ്രസിദ്ധീകരിച്ചാലും പ്രചരിപ്പിച്ചാലും കേസെടുക്കാം എന്നതാണ് ഭേദഗതി നടപ്പാക്കിയപ്പോഴുളള അവസ്ഥ. ഭേദഗതിയിലൂടെ പൊലീസിന് ലഭിക്കുന്നത് വിപുലമായ അധികാരങ്ങളാണ്. ഒരു വാർത്തക്കെതിരെ ആർക്കുവേണണെങ്കിലും മാദ്ധ്യമത്തിനോ മാദ്ധ്യമപ്രവർത്തകർക്കെതിരെയോ ഏതു പൊലീസ് സ്റ്റേഷനിലും പരാതി നൽകാം. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ പരാതി ലഭിച്ചാൽ പൊലീസിന് കേസെടുക്കേണ്ടിവരും. ഇതോടൊപ്പം അറസ്റ്റും ചെയ്യാം
സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപം തടയാനെന്ന പേരിലാണ് ഭേദഗതി നടപ്പാക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ വിജ്ഞാപനത്തിൽ ഇക്കാര്യം പറയുന്നതേ ഇല്ല. സൈബർ എന്നതിനുപകരം മുഴുവൻ മാദ്ധ്യമങ്ങളെയുമാണ് ഉൾക്കൊളളിച്ചിരിക്കുന്നത്.
വാർത്തയിലൂടെ ഒരാൾക്ക് മാനഹാനി ഉണ്ടായെന്ന് തോന്നിയാൽ മറ്റാർക്കുവേണമെങ്കിലും പരാതി നൽകാം. ഇതിലും പൊലീസ് നടപടി എടുക്കും. ആരും പരാതി നൽകിയില്ലെങ്കിൽ പൊലീസിന് സ്വമേധയാ കേസെടുക്കുകയും ചെയ്യാം. പ്രതിയാക്കിയ ആളെ അറസ്റ്റുചെയ്യാൻ മജിസ്ട്രേറ്റിന്റെ അനുമതിയോ വാറണ്ടോ ആവശ്യവുമില്ല. ശിക്ഷയായി അഞ്ചു വർഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം.
വ്യാജ വാർത്തകൾ തടയാൻ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഭേദഗതി.പൊലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി.സ്ത്രീകൾക്കെതിരായി തുടരുന്ന സൈബർ അതിക്രമങ്ങളെ ചെറുക്കാൻ പര്യാപത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേദഗതിയെന്നാണ് വ്യാഖ്യാനം.