51

" കഴിഞ്ഞവർഷം ഈ സമയത്ത് നമ്മൾ ഗോവയിലായിരുന്നു. സിനിമകളും കണ്ടങ്ങനെ കറങ്ങി നടക്കുകയായിരുന്നു. കൊവിഡ് വരുത്തിവച്ച ഓരോ വിനകളെ..." ഇങ്ങനെ പറഞ്ഞ് നെടുവീർപ്പിടുന്ന ചലച്ചിത്രാസ്വാദകർ കേരളത്തിൽ അങ്ങോളമിങ്ങോളം കാണും. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഇഫി (ഐ.എഫ്.എഫ്.ഐ ) പതിവുപോലെ ഇക്കുറിയും ഗോവയിൽ നടക്കേണ്ടിയിരുന്നത് നവംബർ 20 മുതൽ 28 വരെയായിരുന്നു. കൊവിഡ് അതിന് മുടക്കം വരുത്തി. അടുത്തവർഷം ജനുവരി 16 മുതൽ 24 വരെ നടത്താനാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഡെലിഗേറ്റുകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന. ചലച്ചിത്രോത്സവത്തിനുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനായി ജൂറി സ്ക്രീനിംഗ് തുടങ്ങി. എന്നാൽ ജനുവരിയിൽ പൂർണതോതിലുള്ള ചലച്ചിത്രോത്സവം നടക്കുമോയെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. വിർച്വൽ ആയി ഫെസ്റ്റിവൽ നടത്താനാണെങ്കിലും സിനിമ വേണമല്ലോ. അതാണ് ഫെസ്റ്റിവൽ ചിത്രങ്ങൾക്കായുള്ള സെലക്ഷൻ പ്രക്രിയ ആരംഭിച്ചതെന്നാണ് ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അധികൃതർ വ്യക്തമാക്കുന്നത്. തിയറ്ററുകളിൽ പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നതിനും സീറ്റിംഗ് അറേഞ്ച്മെന്റിനും നിയന്ത്രണങ്ങൾ ഉള്ളതിനാൽ എങ്ങനെയൊക്കെയാണ് കാര്യങ്ങൾ ഉരുത്തിരിയുക എന്നതിൽ ഇനിയും ആർക്കുമൊരു വ്യക്തത കൈവന്നിട്ടില്ല. ചലച്ചിത്രോത്സവ സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്.

ഇഫിയുടെ സ്ഥിരം വേദി ഗോവയാക്കിയതു മുതൽ ചലച്ചിത്രോത്സവത്തിനെത്തുന്ന പ്രതിനിധികളിൽ 60 മുതൽ 70 ശതമാനം വരെ മലയാളികളാണ്. പ്രത്യേകിച്ചും വടക്കേ മലബാറുകാർ. അവർക്ക് ഗോവയിൽ വേഗം എത്തിച്ചേരാനാകും. ചുരുങ്ങിയ ചെലവിൽ താമസസൗകര്യവും ഭക്ഷണവും ലഭിക്കും. മദ്യപിക്കുന്നവർക്ക് മദ്യം യഥേഷ്ടം ലഭിക്കുമെന്നതും ഒപ്പം ഗോവയുടെ ആംബിയൻസുമെല്ലാം വലിയ ആകർഷണമാണ്. തിയററുകളിൽ സ്വസ്ഥമായിരുന്നു സിനിമകൾ കാണാമെന്നതും പ്രത്യേകതയാണ്. അതായത് പ്രവേശനം കർശന നിയന്ത്രണങ്ങൾക്ക് വിധേയമായതിനാൽ ആൾക്കൂട്ട ബഹളങ്ങൾക്ക് അവസരമില്ല. ഫെസ്റ്റിവലിന് കുടുംബ സമേതം എത്തുന്നവരുമുണ്ട്. ഗോവയിലെ ബീച്ചുകളും പ്രസിദ്ധമാണ്.

ഗോവയിൽ കൊവിഡ് കുറഞ്ഞിട്ടുണ്ട്. പ്രതിദിന കേസുകൾ 500 ഉം 600 എന്ന കണക്കിൽ നിന്ന് 200 ൽ താഴെ എന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ഇക്കുറി വെല്ലുവിളിയാകുന്നത് താമസ സൗകര്യം തന്നെയായിരിക്കും. ഉദാഹരണത്തിന് മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന പനാജിയിലെ കാരിത്താസ് ക്രിസ്റ്റ്യൻ ഹോളിഡേ ഹോം നവീകരണത്തിന് അടച്ചിരുന്നു. പക്ഷേ കൊവിഡ് കാരണം ഇനിയും പണിപൂർത്തിയാക്കി തുറക്കാൻ കഴിഞ്ഞിട്ടില്ല.

ചലച്ചിത്ര പ്രേമികൾക്ക് ഗോവ ഏറ്റവും വലിയ ഒത്തുചേരലിന്റെ ഇടം കൂടിയാണ്. ഇഫിയിൽ മൂന്നു പതിറ്റാണ്ടായി പങ്കെടുത്തുവരുന്ന തിരുവനന്തപുരത്തു നിന്നുള്ള ഒരു സംഘമുണ്ട്. ചലച്ചിത്ര എന്ന ഫിലിം സൊസൈറ്റിയിലെ സംഘാടകരായിരുന്നവർ, ജോർജ് മാത്യു, സി.ആർ.രാജശേഖരൻ പിള്ള , എം.ഡി.മോഹൻദാസ്, നാരായണൻ ,സണ്ണി, ഡാർവിൻ എന്നിങ്ങനെ മുതിർന്ന ചലച്ചിത്രാസ്വാദകരുടെ സംഘം. ഇവർ ഐ.എഫ്.എഫ്.കെ വരുമ്പോൾ തിരുവനന്തപുരത്ത് കൈരളി തിയറ്ററിനു സമീപം ഒരു ലോഡ്‌ജിൽ മുറിയെടുക്കും. സൗഹൃദത്തിന്റെ ഒത്തുചേരലിനാണത്. ആ മുറി ഒരിക്കലും പൂട്ടാറില്ല. കാസർകോട് വരെയുള്ള സൗഹൃദ വലയത്തിലുള്ളവർ അവിടെ വന്നുപോകും.

" ഇഫി ഫെസ്റ്റിവൽ ഏതുരീതിയിൽ നടന്നാലും ഞങ്ങൾ പോകും. സംഘത്തിലെ പ്രധാനിയായ ജോർജ് മാത്യു പറയുന്നു. ഗോവ വെറുമൊരു ഫിലിം ഫെസ്റ്റിവൽ മാത്രമല്ല. അതൊരു തീർത്ഥാടനമായി മാറിയിരിക്കുന്നു. ജീവിതത്തിന്റെ കലണ്ടറിൽ അത് മുടക്കമില്ലാതെ അടയാളപ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരത്തു നിന്നുള്ള യാത്രമുതൽ ആസ്വദിക്കാൻ എന്തെല്ലാം കാര്യങ്ങൾ. സിനിമ അവിടെ ഒരു ബോണസ് മാത്രമാണ്."

കേരള ഫിലിം ഫെസ്റ്റിവലിലേക്ക് വന്നാൽ ഇത് ഇരുപത്തിയഞ്ചാം വർഷമാണ്. കൊവിഡ് കാരണം ഡിസംബറിൽ നടക്കേണ്ട ചലച്ചിത്രോത്സവം അടുത്തവർഷം ഫെബ്രുവരി 12 മുതൽ 19 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. സിനിമ സെലക്ഷനുള്ള സ്ക്രീനിംഗ് ആരംഭിച്ചിട്ടുണ്ട്. തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ലാത്ത സാഹചര്യത്തിൽ ഫെസ്റ്റിവൽ എങ്ങനെ നടത്തുമെന്നതിലുള്ള ആശയക്കുഴപ്പം ഇവിടെയും മാറിയിട്ടില്ല. സാംസ്കാരിക മന്ത്രി എ.കെ.ബാലനാണ് ഫെസ്റ്റിവൽ നടത്തുമെന്ന് പ്രഖ്യാപിച്ചത്. കൊവിഡിനെ ഭയന്ന് എല്ലാം മാറ്റിക്കൊണ്ടിരുന്നാൽ എങ്ങനെയാണെന്ന ചോദ്യം ഫെസ്റ്റിവൽ നടത്തണമെന്ന വാദത്തിന് ബലം നൽകുന്നുണ്ട്. എന്നാൽ ഇതിന് ഒരു മറുവാദവുമുണ്ട്. ശബരിമലയിൽ പോലും പ്രവേശനം നിജപ്പെടുത്തുമ്പോൾ ,കൊവിഡ് പൂർണമായും മാറാതെ എങ്ങനെ തിയറ്ററുകളിൽ വലിയ തോതിൽ ആളുകളെ പ്രവേശിപ്പിക്കുമെന്നതാണ് ആ ചോദ്യം. കാൻ ഫെസ്റ്റിവൽ പോലും കൊവിഡ് കാരണം പതിവ് ആഡംബരത്തിൽ നടത്തിയിരുന്നില്ല. ഇരുപത്തിയഞ്ചാം വർഷം വിപുലമായി ആഘോഷിക്കേണ്ടതാണ്. അതിനുള്ള സാഹചര്യമില്ലാത്തപ്പോൾ ഫെസ്റ്റിവൽ ഫണ്ട് പാവപ്പെട്ട കൊവിഡ് രോഗികൾക്ക് നൽകി ഇത്തവണത്തെ ഫെസ്റ്റിവൽ ഒഴിവാക്കണമെന്ന് ചില പ്രമുഖ സംവിധായകർ തന്നെ മുഖ്യമന്ത്രിക്കു കത്തെഴുതിയിട്ടുമുണ്ട്. തൃശൂരിൽ പതിവായി നടത്തിയിരുന്ന അന്താരാഷ്ട്ര നാടകോത്സവം കൊവിഡ് മൂലം ഇക്കുറി ഒഴിവാകുമെന്നാണ് അറിയുന്നത്. ഫെസ്റ്റിവലുകൾ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഉല്ലാസവേദികൾ കൂടിയാണ്. കൊവിഡ് എന്തെല്ലാം കണക്കുകൂട്ടലുകളെയാണ് തകിടം മറിക്കുന്നത്. എന്തായാലും ചലച്ചിത്രാസ്വാദകർ പ്രതീക്ഷ കൈവിടുന്നില്ല.