lamborghini

(ഡ്രൈവേഴ്‌സ് കാബിൻ)

2016ൽ ഫിയറ്റ് ക്രിസ്‌ലർ ചെയ്‌തതുപോലെ, ഉപ ബ്രാൻഡുകളിൽ ഒരു പൊളിച്ചടുക്കലിന് ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗൻ ഗ്രൂപ്പ്. ഇറ്റാലിയൻ പ്രീമിയം ബ്രാൻഡുകളായ ലംബോർഗിനി, ഡുകാറ്റി, ഇറ്റൽഡിസൈൻ ജിജാറോ എന്നിവയെ ഈ വർഷം തന്നെ 'സ്വതന്ത്ര ബ്രാൻഡുകളാക്കാനാണ്" നീക്കം.

ഫെരാരിയെ ഫിയറ്റ് 'ഫ്രീ" ആക്കിയത് 2016ലാണ്. ഉപ ബ്രാൻഡുകളെ സ്വതന്ത്രമാക്കിയശേഷം പൂർണമായും ഇലക്‌ട്രിക് കാറുകളുടെ നിർമ്മാണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഫോക്‌സ്‌വാഗൻ ലക്ഷ്യമിടുന്നത്. ഇക്കാര്യം ഗ്രൂപ്പ് സി.ഇ.ഒ ഹെർ‌ബെർട്ട് ഡീസ് ശരിവച്ചിട്ടുണ്ട്.

മോട്ടോർസൈക്കിൾ രംഗത്തെ ഇറ്റാലിയൻ സൗന്ദര്യമാണ് ഡുകാറ്റി. ഇറ്റൽഡിസൈൻ ജിജാറോ ഡിസൈനിഗും എൻജിനിയറിംഗും നടത്തുന്ന ബ്രാൻഡാണ്. ലംബോർഗിനിയുടെ നിയന്ത്രണത്തിലാണ് ഇവയുള്ളത്. ആഡംബര സ്‌പോർട്‌സ് കാറുകളും എസ്.യു.വികളും നിർമ്മിക്കുന്ന ലംബോർഗിനിയെ നിയന്ത്രിക്കുന്നതാകട്ടെ, ഫോഗ്‌സ്‌വാഗന്റെ മറ്റൊരു ഉപ ബ്രാൻഡായ ഔഡിയും.

നിലവിൽ, ഉപ ബ്രാൻഡുകളെ സ്വതന്ത്ര ബ്രാൻഡുകളാക്കി മാറ്റാനാണ് ആലോചിക്കുന്നത്. ഓഹരികൾ വിറ്റൊഴിയുന്നത് ചിന്തിച്ചിട്ടില്ല. എന്നാൽ, അതും പരിഗണിച്ചേക്കുമെന്നും ഹെർ‌ബെർട്ട് ഡീസ് വ്യക്തമാക്കിയിട്ടുണ്ട്. ലംബോർഗിനി, ഡുകാറ്റി, ഇറ്റൽഡിസൈൻ ജിജാറോ എന്നിവയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) ഫോക്‌സ്‌വാഗൻ നടത്തിയേക്കും.

ലംബോർഗിനിയുടെ ഇപ്പോഴത്തെ സി.ഇ.ഒ സ്‌റ്റെഫാനോ ഡൊമിനിക്കാലി രാജി പ്രഖ്യാപിച്ചു കഴിഞ്ഞു; ഫോർമുല വൺ റേസിംഗ് സി.ഇ.ഒയായി സ്‌റ്റെഫാനോ വൈകാതെ ചുമതലയേൽക്കും. സ്‌റ്റീഫൻ വിൽകിൽമാൻ ലംബോർഗിനിയുടെ സി.ഇ.ഒ ആൻഡ് പ്രസിഡന്റ് പദവി ഏറ്റെടുക്കും. 2005 മുതൽ 2016 വരെ അദ്ദേഹം തന്നെ വഹിച്ച പദവികളാണത്.

ഫോക്‌സ്‌വാഗന്റെ മറ്റൊരി ആഡംബര ബ്രാൻഡായ ബുഗാട്ടിയുടെ പ്രസിഡന്റ് പദവിയും സ്‌റ്റെഫാനോ തുടരും. ബുഗാട്ടിയെയും സ്വതന്ത്രമാക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യം ബുഗാട്ടിയോ ഫോക്‌സ്‌വാഗനോ സ്ഥിരീകരിച്ചിട്ടില്ല.

പുനഃസംഘടന

വഴി വികസനം

ഗ്രൂപ്പിന്റെ പ്രവർത്തനം പുനഃക്രമീകരിച്ച് വളർച്ചയുടെ ട്രാക്കിൽ പുതിയ കുതിപ്പ് നേടുകയാണ് ഫോക്‌സ്‌വാഗന്റെ ലക്ഷ്യം. ഫോക്‌സ്‌വാഗൻ, ഔഡി, പോർഷെ എന്നിവ കേന്ദ്രീകരിച്ചും പുനഃക്രമീകരണം പ്രതീക്ഷിക്കാം.

നിലവിൽ 23,700 കോടി ഡോളറാണ് ഗ്രൂപ്പിന്റെ മൂല്യം. പുനഃക്രമീകരണത്തിലൂടെ ഇത് 40,000 കോടി ഡോളറിനടുത്ത് എത്തിയേക്കും. ടെസ്‌ലയുടെ മൂല്യം 40,000 കോടി ഡോളറോളമാണ്.

മാതൃരാജ്യമായ ജർമ്മനിയിലെ എംദെൻ, ഹനോവർ പ്ളാന്റുകൾ പൂർണമായും ഇലക്‌ട്രിക് വാഹന നിർമ്മാണത്തിനായി മാറ്റും. ഇതിനായി 7,300 കോടി ഡോളറിന്റെ നിക്ഷേപവും നടത്തും.