ലണ്ടൻ: മരിച്ച് വർഷങ്ങളായിട്ടും ഇന്നും ലോകജനതയുടെ മനസിൽ മായാതെ നിൽക്കുന്ന മുഖമാണ് ഡയാന രാജകുമാരിയുടേത്. ഡയാന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയ ഒരു അഭിമുഖം ഈ അടുത്തിടെ വീണ്ടും വൈറലായിരുന്നു. 1995ലെ ഈ അഭിമുഖത്തെക്കുറിച്ച് ബി.ബി.സി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചാൾസിന്റെ സഹോദരൻ സ്പെൻസറുടെ അഭ്യർത്ഥന പ്രകാരമാണ് അന്വേഷണം നടത്തുന്നത്.
ഡയാന - ചാൾസ് ദമ്പതിമാരുടെ വൈവാഹിക ജീവിതത്തിൽ ഉടലെടുത്ത അസ്വാരസ്യങ്ങളെക്കുറിച്ച് ലോകമറിഞ്ഞത് ഈ അഭിമുഖത്തിലൂടെയാണ്.
മുൻ സുപ്രീം കോടതി ജഡ്ജി ജോൺ ഡൈസൻ ആയിരിക്കും അന്വേഷണത്തിനു നേതൃത്വം കൊടുക്കുക.
മാർട്ടിൻ ബഷിറാണ് ഡയാനയുമായി അഭിമുഖം നടത്തിയത്. എന്നാൽ, തെറ്റായ വിവരങ്ങൾ കാണിച്ചാണ് അഭിമുഖത്തിന് ഡയാനയെ പ്രേരിപ്പിച്ചത് എന്നാണ് സ്പെൻസറുടെ ആരോപണം. അഭിമുഖത്തിൽ താനും ചാൾസും തമ്മിൽ അകന്നുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ഡയാന തുറന്നുപറഞ്ഞിരുന്നു.
എന്റെ വിവാഹത്തിൽ മൂന്നു പേരുണ്ട് എന്നാണ് അന്ന് ഡയാന പറഞ്ഞ പിന്നീട് പ്രശസ്തമായ വാചകം. ചാൾസ്, അദ്ദേഹത്തിന്റെ കാമുകി കാമില പാർക്കർ ബൗൾസ്, പിന്നെ താനും എന്നാണവർ ഉദ്ദേശിച്ചത്. വിവാഹത്തിൽ താൻ അവിശ്വസ്തയായിരുന്നു എന്നും ഡയാന വെളിപ്പെടുത്തിയിരുന്നു. ഡയാനയുടെ സ്വന്തം പരിചാരകർക്ക് കൈക്കൂലി കൊടുത്ത് ബഷിർ ചാരപ്പണിയും ചെയ്യിപ്പിച്ചിരുന്നെന്നാണ് വിവരം.
രഹസ്യങ്ങൾ ചോർത്തുന്നതിനായി ബെക്കിംഗ്ഹാം പാലസുമായി ബന്ധപ്പെട്ട പലർക്കും ബഷിർ കൈക്കൂലി കൊടുത്തിരുന്നെന്നും വിവരമുണ്ട്.
എലിസബത്ത് രാജ്ഞിയെപ്പറ്റിപ്പോലും ബഷിർ മോശമായ പരാമർശങ്ങൾ നടത്തിയെന്നും ആരോപണമുണ്ട്