ന്യൂഡല്‍ഹി: നവംബര്‍ 19നാണ് ദേശീയപാതയിലെ നഗ്രോട്ടയില്‍ ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടല്‍ നടന്നത്. ശ്രീനഗറിലേക്ക് ട്രക്കില്‍ ഒളിച്ചു കടക്കുകയായിരുന്നു ഭീകരര്‍. ഇവരെ തിരിച്ചറിഞ്ഞതോടെ സൈന്യം ട്രക്ക് തടഞ്ഞു. സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരസംഘത്തെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിലാണ് കീഴ്‌പ്പെടുത്തിയത്. ജമ്മു ശ്രീനഗര്‍ ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു.
നഗ്രോട്ട ഏറ്റുമുട്ടലിൽ പഠാന്‍കോട്ട് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കാസിന്‍ ജാനിന്റെ പങ്ക് വ്യക്തമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകൾ. ഇന്ത്യയില്‍ ജെയ്ഷെ ഭീകരരെ നിയന്ത്രിക്കുന്നതില്‍ ഇയാള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നും ദക്ഷിണ കശ്മീരില്‍ ഇയാള്‍ക്ക് പലരുമായും രഹസ്യബന്ധങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള തീവ്രവാദ സംഘടനയുടെ തലപ്പത്തുള്ള മുഫ്തി റൗഫ് അസ്ഘര്‍ക്ക് കീഴിലാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്.
പിന്നില്‍ താലിബാന്റെ പങ്കും
അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സൈന്യം പിന്മാറുകയും രാജ്യത്ത് താലിബാന്‍ ശക്തിപ്പെടുകയും ചെയ്തതോടെ ജമ്മു കശ്മീരില്‍ ഉടനീളം ജെയ്‌ഷെ മുഹമ്മദ് ശക്തി പ്രാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ തയ്യാറെടുത്ത് പ്രത്യേക പരിശീലനം നേടിയ 14 ഭീകരര്‍ ഗുജറണ്‍വാലായില്‍ കാത്തുനില്‍ക്കുകയാണെന്നാണ് ഇന്ത്യയിലെ തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടാതെ നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള നിരവധി ലോഞ്ച് പാഡുകളില്‍ ഇരുനൂറോളം ഭീകരര്‍ കാത്തിരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തീവ്രവാദ സാന്നിദ്ധ്യം ശക്തിപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥര്‍
പാക് കശ്മീരിലും നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള മറ്റു പ്രദേശങ്ങളിലും തീവ്രവാദ സാന്നിധ്യം വര്‍ദ്ധിക്കുന്നതായാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. 'അല്‍ ബദര്‍ ഗ്രൂപ്പുകള്‍ ശക്തിപ്പെടുന്നതായും ഹിദ്യുത്തുള്ളാ മാലിക് എന്നയാളുടെ കീഴിലുള്ള ലഷ്‌കറെ മുസ്തവ എന്ന സംഘനട രൂപീകരിക്കപ്പെട്ടതായും ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തയ്ബ ഖൈബര്‍ പഖ്തൂന്‍ഖ്വയിലെ ജംഗല്‍ മംഗല്‍ ക്യാംപില്‍ 23 ഭീകരരെയും പരിശീലിപ്പിക്കുന്നുണ്ട്.' ഒരു മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
ജി.പി.എസ് വിവരങ്ങള്‍
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേയ്ക്ക് ഭീകരര്‍ എത്തിയതെങ്ങനെയെന്നത് സംബന്ധിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ജി.പി.എസിന്റെയും മറ്റു വയര്‍ലെസ് ഉപകരണങ്ങളുടെയും വിശദാംശങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഭീകരര്‍ 30 കിലോമീറ്ററോളം രാത്രിയില്‍ നടന്നാണ് സ്ഥലത്തെത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. ഷകര്‍ഗഡിലെ ജെയ്ഷെ ക്യാംപില്‍ നിന്ന് മുപ്പത് കിലോമീറ്ററോളം നടന്ന് സാംബാ അതിര്‍ത്തിയിലെത്തുകയും തുടര്‍ന്ന് ജത്വാളിലെ പിക്കപ് പോയിന്റിലെത്തുകയുമായിരുന്നു. ഇത് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 8.7 കിലോമീറ്ററോളം അകലെയാണ്. സാംബായിലെ മാവാ ഗ്രാമം വഴിയാണ് ഭീകരര്‍ എത്തിയതെന്നാണ് സംശയിക്കുതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
മൂന്ന് മണിക്കൂര്‍ നടന്നു
ജത്വാളില്‍ നിന്ന് 30 കിലോമീറ്ററോളം അകലെയാണ് ജെയ്ഷെ ക്യാംപ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് അന്താരാഷ്ട്ര അതിര്‍ത്തിയിലെത്തുന്ന നിരവധി നാട്ടുവഴികളുണ്ടെന്നും ഏതു വഴിയിലൂടെയാണെങ്കിലും രാത്രിയില്‍ ഭീകരര്‍ മൂന്ന് മണിക്കൂറോളം നടന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നു. ജമ്മുവിലേയ്ക്ക് വരികയായിരുന്ന ഒരു ട്രക്കില്‍ ഇവര്‍ കയറിയതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ വാഹനത്തിന്റെ നമ്പറും കണ്ടെത്തിയിട്ടുണ്ട്. രാത്രി രണ്ടരയ്ക്കും മൂന്ന് മണിയ്ക്കും ഇടയില്‍ ഭീകരര്‍ കയറിയ വാഹനം 3.44ന് സാരോര്‍ ടോള്‍ പ്ലാസയും 4.45ന് ബാന്‍ ടോള്‍ പ്ലാസയും പിന്നിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതിയിട്ടത് ചാവേറാക്രമണം
കൊല്ലപ്പെട്ട തീവ്രവാദികള്‍ ചാവേറുകളായിരുന്നുവെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരുടെ അരക്കെട്ടിലെ രോമം പൂര്‍ണമായും നീക്കം ചെയ്തിരുന്നതായും കണ്ടെത്തി. മുന്‍പ് പിടിയിലായ ഭീകരര്‍ക്കും ഇങ്ങനെ തന്നെയായിരുന്നു. തോക്കുകള്‍ക്കും റോക്കറ്റ് ലോഞ്ചറുകള്‍ക്കും പുറമെ നാലു പേരുടെയും കൈവശം എണ്ണയുമായി കലര്‍ത്തിയ 6.5 കിലോഗ്രാമോളം നൈട്രോസെല്ലുലോസ് ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.