ചെന്നൈ: രജനീകാന്തിനെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാനോ, രാഷ്‌ട്രീയ പിന്തുണ നേടാനോ നടത്തിയ ശ്രമം ഫലം കാണാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട് സന്ദർശനം പൂർത്തിയാക്കി മടങ്ങി. അമിത് ഷാ ഇന്നലെ രജനിയെ കണ്ടേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ അതുണ്ടായില്ല.
മൂന്നാഴ്ച മുമ്പ് ആർ.എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി രജനീകാന്തുമായി
ചർച്ച നടത്തിയത് വലിയ അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ, രജനീകാന്ത് തന്റെ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്നതായാണ് അറിയുന്നത്. ഇന്നലെ അമിത് ഷാ ഗുരുമൂർത്തിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രജനീകാന്തിന്റെ നിലപാടുകൾ ചർച്ച ചെയ്തു. രജനിയുടെ സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം വൈകുന്നതിനാൽ പൊതു തിരഞ്ഞെടുപ്പിൽ സൂപ്പർസ്റ്റാറിന്റെ പ്രത്യക്ഷ പിന്തുണ ഉറപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.തമിഴകത്ത് ബി.ജെ.പി സ്വാധീനം വർദ്ധിപ്പിക്കാൻ നിർണായക തീരുമാനങ്ങളുമായി എത്തിയ അമിത് ഷാ ഇന്നലെ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. സഖ്യചർച്ചകൾ തനിക്ക് വിടാനും, താഴേത്തട്ടിൽ പ്രചാരണത്തിൽ ശ്രദ്ധിക്കാനും അദ്ദേഹം നേതാക്കളോട് പറഞ്ഞു.
സീറ്റ് വിഭജനത്തിൽ
ഏകദേശ ധാരണ
ബി.ജെ.പിയുമായി എ. ഡി.എം.കെയ്ക്കുള്ള പ്രശ്നങ്ങൾ പരിഹരിച്ചതിനൊപ്പം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ല സീറ്റ് വിഭജനത്തിന്റെ പ്രാഥമിക ചർച്ചകളും അമിത്ഷാ നടത്തിയെന്നാണ് സൂചന. 40 സീറ്റുകളാണ് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കന്നത്. 25 സീറ്റുകൾ നൽകാൻ എ. ഡി.എം.കെ സമ്മതിച്ചതായാണ് സൂചന. ബി.ജെ.പിയുമായുള്ള സഖ്യം എ. ഡി.എം.കെ തുടരുമെന്ന് കഴിഞ്ഞ ദിവസം എം.ജി.ആർ- ജയലളിത അനുസ്മരണ വേദിയിൽ ഉപമുഖ്യമന്ത്രി ഒ. പനീർ ശെൽവം പ്രഖ്യാപിച്ചിരുന്നു.