വാഷിംഗ്ടൺ:സൗദിയിൽ നടന്ന ജി 20 ഉച്ചകോടിയുടെ ഭാഗമാകാതെ ഗോൾഫ് കളിയിൽ മുഴുകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചതോടെ, പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് പങ്കെടുക്കേണ്ട അവസാന ഉച്ചകോടിയായിരുന്നു ഇത്. കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രത്യേക ഉച്ചകോടി ചേർന്നത്.
ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന സമ്മേളനത്തിൽ ട്രംപ് പങ്കെടുക്കുമെന്നാണ് വൈറ്റ്ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. സൗദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിലാണ് വെർച്വൽ സമ്മേളനം ചേർന്നത്.സമ്മേളനം നടന്നുകൊണ്ടിരുന്ന സമയത്ത് ട്രംപിനെ ഗോൾഫ് ക്ലബ്ബിൽ കണ്ടതോടെയാണ് അദ്ദേഹം സമ്മേളത്തിൽ പങ്കെടുത്തില്ലെന്ന കാര്യം വ്യക്തമായത്. സ്റ്റെർലിംഗിലുള്ള ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ ട്രംപ് കളിക്കുന്ന ചിത്രങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.