police

ദേവാസ്: സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചവർക്ക് പൊതുനിരത്തിൽ ശിക്ഷ നൽകി മദ്ധ്യപ്രദേശ് പൊലീസ്. ദേവാസിലാണ് സ്ത്രീകളെ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ച രണ്ടുപേരെ പൊതുനിരത്തിൽ ഏത്തമിടീച്ച് പൊലീസ് ശിക്ഷ നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി വാഹനങ്ങളും യാത്രക്കാരുമൊക്കെ ശിക്ഷ വീക്ഷിച്ച് പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഏത്തമിടുന്നവരെ പൊലീസ് ലാത്തി കൊണ്ട് മർദ്ദിക്കുന്നതും കാണാം. വനിതാ പൊലീസ് അടക്കമുള്ള സംഘമാണ് പൊതു നിരത്തിൽ ശിക്ഷ നൽകിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 18നും ബാംഗംഗയിൽ ഇത്തരത്തിൽ സ്ത്രീകളോട് മോശമായി പെരുമാറിയ രണ്ടുപേരെ പൊതുനിരത്തിൽ നിറുത്തി ശിക്ഷിച്ചിരുന്നു പൊലീസ്. നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ വാർഷിക കണക്കനുസരിച്ച് രാജ്യത്ത് സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 7.3 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യത്ത് ആറാം സ്ഥാനമാണ് മദ്ധ്യപ്രദേശിന്.