അബുദാബി: യൂറോപ്യൻ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി പക്ഷിപ്പനി അഥവാ ഏവിയൻ ഫ്ലൂ പടരുന്നു. ഇതേ തുടർന്ന് നെതർലാൻഡ്സ്, ബ്രിട്ടൻ, ജർമ്മനി, റഷ്യ എന്നീ രാജ്യങ്ങളിലെ പക്ഷികൾക്കും പക്ഷി ഉത്പന്നങ്ങൾക്കും യു.എഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. വളർത്തു പക്ഷികൾ, കാട്ടുപക്ഷികൾ, അലങ്കാര പക്ഷികൾ, കോഴിക്കുഞ്ഞുങ്ങൾ, വിരിയിക്കുന്ന മുട്ടകൾ എന്നിവയ്ക്കാണ് പ്രധാനമായും വിലക്ക്.
രോഗം പടരുന്നത് നിയന്ത്രിക്കാൻ രോഗബാധിത രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കോഴികളെ വേർതിരിച്ചെടുത്തു.
നിരോധനം ഇപ്രകാരം
ബ്രിട്ടനിലെ ചില പ്രദേശങ്ങളിൽ നിന്ന് കോഴിയിറച്ചി, ടേബിൾ മുട്ട എന്നിവ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. എന്നാൽ, വിരിയിക്കുന്ന മുട്ടകൾ, ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങൾ എന്നിവ രോഗരഹിത സ്ഥലത്ത് നിന്നും വരുന്നതാണെന്ന് സാക്ഷ്യപ്പെടുത്തിയ ആരോഗ്യ സർട്ടിഫിക്കറ്റുകൾ കാണിച്ച് ഇറക്കുമതി ചെയ്യാമെന്നും റിപ്പോർട്ടുണ്ട്.രോഗരഹിത രാജ്യമായി പ്രഖ്യാപിക്കുന്നതു വരെ നെതർലാൻഡ്സിൽ നിന്നുള്ള പക്ഷികൾ, പക്ഷി ഉത്പന്നങ്ങൾ എന്നിവയ്ക്ക് യു.എയിൽ നിരോധനമുണ്ട്.
ജർമനിയ്ക്കും നിരോധനം ബാധകമാണ്. എന്നാൽ, രോഗരഹിതമാണെന്ന സർട്ടിഫിക്കറ്റോടു കൂടി വിരിയിക്കാനായുള്ള മുട്ടകൾ ജർമനിയിൽ നിന്ന് യു.എ.ഇയിൽ ഇറക്കുമതി ചെയ്യാം.
റഷ്യയ്ക്ക് കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ടേബിൾ മുട്ടകൾ, കോഴിയിറച്ചിയും അവയുടെ ഉപോത്പ്പന്നങ്ങളും, വിരിയിക്കുന്ന മുട്ടകൾ, ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങൾ എന്നിവ അംഗീകരിച്ച ആരോഗ്യ സർട്ടിഫിക്കറ്റുകളോടെ ഇറക്കുമതി ചെയ്യാം.