ദക്ഷിണേന്ത്യയിൽ നിന്ന് തുടങ്ങി കഠിന പരിശ്രമത്താൽ ബോളിവുഡിനെ കൊണ്ട് ' ബ്യൂട്ടി വിത്ത് ബ്രെയ്ൻ. " എന്ന് പറയിപ്പിച്ച നടിയാണ് തപ്സി പന്നു. അഭിനയത്തിന്റെ കാര്യത്തിലായാലും സൗന്ദര്യത്തിന്റെ കാര്യത്തിലായാലും ഇനി കഥാപാത്രങ്ങൾ തിരഞ്ഞെ ടുക്കന്നതിനായാലും തപ്സി എന്നും ' മിസ് പെർഫെക്ട്"ആണ്. ! ദക്ഷിണേന്ത്യൻ സിനിമകളിലെ ചെറിയ വേഷങ്ങളിൽ തുടങ്ങി ബോളിവുഡിലും സ്വീകാര്യത നേടിയ തപ്സി ഒടുവിൽ കരസ്ഥമാക്കിയ സ്ഥാനം ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും ശക്തരായ അഭിനേത്രിമാരുടെ പട്ടികയിലേക്കാണ്.
ബോളിവുഡിൽ, ഓരോ സിനിമകൾ കഴിയും തോറും തപ്സി തന്റെ കഥാപാത്രങ്ങളുടെ വ്യത്യസ്ഥത നിലനിറുത്താൻ ശ്രമിക്കുകയാണ്. വ്യത്യസ്ഥതകളും വെല്ലുവിളികളും നിറഞ്ഞ കഥാപാത്രങ്ങളാണ് പിങ്കിന് ശേഷം തപ്സി തിരഞ്ഞെടുത്തു കൊണ്ടിരിക്കുന്നത്. ഹീറോയില്ലെങ്കിലും ഒരു സിനിമ തരംഗം സൃഷ്ടിക്കുമെന്നതിന്റെ ഉദാഹരണമാണ് തപ്സിയുടെ ചിത്രങ്ങൾ.
റോക്കറ്റ് പോലെ തപ്സി
ഗുജറാത്തിലെ ഗ്രാമങ്ങളിൽ പൊടിപാറുന്ന വേഗത്തിൽ ഓടുന്ന രശ്മി റോക്കറ്റായി കൊണ്ടിരിക്കുകയാണ് തപ്സി ഇപ്പോൾ. തന്റെ കഥാപാത്രങ്ങളോട് നൂറു ശതമാനം നീതി പുലർത്തുന്ന തപ്സി രശ്മി റോക്കറ്റിന് വേണ്ടിയുള്ള കഠിന പരീശിലനത്തിലാണിപ്പോൾ. അതിനായി ഭാരം കുറച്ചു. ‘കാർവാൻ’ എന്ന ചിത്രത്തിന് ശേഷം ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന രശ്മി റോക്കറ്റിന്റെ രചന നന്ദ പെരിയസാമി, അനിരുദ്ധ ഗുഹ, കനിക ധില്ലൺ എന്നിവരാണ് നിർവഹിക്കുന്നത്.രശ്മി റോക്കറ്റ് അടുത്ത വർഷം തിയേറ്ററുകളിൽ എത്തുമെന്ന പ്രതീക്ഷയിലാണ് തപ്സി ഫാൻസ്.
തപ്സിയുടെ കരുത്തുറ്റ കഥാപാത്രങ്ങൾ
പിങ്ക് - മീനൽ അറോറ
തപ്സിയുടെ കരിയറിൽ വഴിത്തിരിവായ ചിത്രം. ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനോടൊപ്പം കട്ടയ്ക്ക് പിടിച്ച് നിന്ന സീനുകൾ. പണത്തിന്റെ സ്വാധീനത്തിൽ ഈ സമൂഹത്തിൽ എന്തും സ്വാധിക്കുമെന്ന സത്യവും, സ്ത്രീകൾക്ക് നേരെ സമൂഹത്തിനുള്ള മനോഭാവങ്ങളുമാണ് പിങ്കിന്റെ ഇതിവൃത്തം.
നാം ഷബാന - ഷബാന ഖാൻ
തപ്സി അഭിനയിച്ച ' ബേബി"യുടെ സീക്വലാണ് നാം ഷബാന. ബേബിയിലെ ഷബാന ഖാൻ എന്ന കഥാപാത്രത്തിന്റെ ആദ്യകാലമാണ് ആക്ഷൻ ത്രില്ലറായ ' നാം ഷബാന " യിലൂടെ അവതരിപ്പിക്കുന്നത്. ബോൾഡ് ക്യാരക്ടർ.
തപ്സിയുടെ ആക്ഷൻ രംഗങ്ങൾ. ബേബിയിൽ ചെറിയ വേഷമായിരുന്നെങ്കിൽ നാം ഷബാന എന്ന ചിത്രത്തിന്റെ കടിഞ്ഞാൺ തന്നെ തപ്സിയുടെ കൈയിലാണ്. ഷബാന ഖാൻ എന്ന പെൺകുട്ടി ഒരു സീക്രട്ട് ഏജന്റായി മാറിയതിന് പിന്നിലെ കഥയാണ് ഈ ചിത്രം.
മുൽക് - ആർതി മൽഹോത്ര
അഭിഭാഷകയുടെ വേഷത്തിൽ തപ്സിയുടെ ഗംഭീര പ്രകടനം. പിങ്കിൽ ബച്ചനായിരുന്നെങ്കിൽ മുൽകിൽ റിഷി കപൂറിനൊപ്പമായിരുന്നു തപ്സി തന്റെ പ്രതിഭ തെളിയിച്ചത്. തന്റെ കുടുംബത്തിന് മേൽ കരിനിഴലായി വീണ വിവാദങ്ങളെ തുടച്ചുനീക്കാനായി ഇറങ്ങിത്തിരിക്കുന്ന അഭിഭാഷകയാണ് ആർതി.
ബദ്ല - നൈന സേഥി
അമിതാഭ് ബച്ചനൊപ്പം വീണ്ടും തകർത്ത് അഭിനയിച്ച തപ്സിയുടെ മിസ്റ്ററി ത്രില്ലർ. ' ദ ഇൻവിസിബിൾ ഗസ്റ്റ് ' എന്ന സ്പാനിഷ് ചിത്രത്തിന്റെ അഡാപ്റ്റേഷൻ. അവസാനം വരെ ആകാംക്ഷയോടെ കാണേണ്ട ചിത്രം. പിങ്കിലെ പോലെ അഭിഭാഷകന്റെ വേഷമാണ് ബച്ചന്. കാമുകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ നൈന സേഥിയായിട്ടാണ് തപ്സി അഭിനയിക്കുന്നത്. ശരിക്കും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ നടക്കുന്ന ഉദ്വേഗ ഭരിതമായ സസ്പെൻസുകൾ നിറഞ്ഞ അന്വേഷണവുമാണ് ബദ്ല.
ഗെയിം ഓവർ - സ്വപ്ന
തപ്സിയുടെ മികച്ച കഥാപാത്രങ്ങൾ പറയുമ്പോൾ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സ്വപ്ന. ഗെയിം ഓവർ ഒരേ സമയം തമിഴിലും തെലുങ്കിലും ചിത്രീകരിച്ച ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ആത്മാവ് തന്നെ വീൽചെയറിൽ കഴിയുന്ന, ഗെയിം ഡിസൈനറായ സ്വപ്നയിലാണ്. സ്വപ്നയുടെ ജോലി പോലെ തന്നെ അവളുടെ ജീവിതവും വീഡിയോ ഗെയിമിന്റെ നെഞ്ചിടിപ്പിക്കുന്ന ഓരോ ലെവലുകൾ പോലെയാണ്. ഒടുവിൽ സിനിമ കാണുന്നവരെ തന്നെ ഭയത്തിന്റെ അങ്ങേയറ്റത്തെ ലെവലിൽ എത്തിക്കുന്നു.
സാൻഡ് കി ആങ്ക് -
പ്രകാശി തോമർ
തപ്സിയും ഭൂമി പഡ്നെഗറും വേറിട്ട അഭിനയവും മേക്കോവറുമായി ബോളിവുഡിനെ ഞെട്ടിച്ച ചിത്രം. സ്വപ്നം കാണാൻ പ്രായം ഒരു പ്രശ്നമേയല്ലന്ന് തെളിയിച്ച വൃദ്ധകളായ രണ്ട് ഷാർപ് ഷൂട്ടർമാരുടെ കഥയാണിത്. ഗ്രാമീണ പശ്ചാത്തലത്തിൽ ജീവിക്കുന്ന ഈ രണ്ട് കഥാപാത്രങ്ങളും നമ്മുടെ സമൂഹത്തിലെ സ്ത്രീകൾക്ക് മാതൃകയായി മാറുന്നു. ചന്ദ്റോ തോമർ, പ്രകാശി തോമർ എന്നീ സ്ത്രീകളുടെ യഥാർത്ഥ ജീവിതം ആസ്പദമാക്കിയുള്ളതാണ് ചിത്രം.
ഥപ്പട് - അമൃത
തപ്സിയുടെ കരിയറിൽ ഇതുപോലെ കോളിളക്കങ്ങളുണ്ടാക്കിയ ഒരു ചിത്രം മുമ്പ് ഉണ്ടായിട്ടില്ല. തപ്സിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഥപ്പട്. ഭർത്താവും കുടുംബവുമായി വീട്ടമ്മയായി ജീവിക്കുന്ന നായികയായാണ് തപ്സി എത്തുന്നത്. ഭർത്താവ് കൊടുക്കുന്ന ഒരടിയോടു കൂടി അമൃതയെന്ന യുവതിയുടെ ജീവിതത്തിലുണ്ടാകുന്ന വമ്പൻ ട്വിസ്റ്റാണ് ഥപ്പട്." നിങ്ങൾ ജീവിതം പ്രൊഫഷനിലും പ്രൊമോഷനിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ ഞാനെന്റെ ജീവിതം പൂർണ്ണമായി താങ്കളിൽ നിക്ഷേപിച്ചിരിക്കുകയാണ്." ഥപ്പടിൽ തപ്സി അവതരിപ്പിച്ച കഥാപാത്രമായ അമൃതയെന്ന വീട്ടമ്മ ഭർത്താവിനോട് പറയുന്ന ഈ സംഭാഷണം ഇന്ത്യൻ സ്ത്രീ മനസാക്ഷിയുടെ ശബ്ദമായി മാറിയിരുന്നു.