വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാദിക്കുമ്പോഴും, മന്ത്രിസഭ രൂപവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ.
മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാവുമെന്ന് അടുത്ത ആഴ്ച ബൈഡൻ വെളിപ്പെടുത്തുമെന്ന് ദി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ട്രഷറി വകുപ്പിന്റെ ചുമതല ആർക്കാണെന്ന് തീരുമാനിച്ചു കഴിഞ്ഞതായി വ്യാഴാഴ്ച ബൈഡൻ മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു.
നന്ദി പ്രകടന ചടങ്ങിന് മുമ്പ് സ്റ്റേറ്റ് സെക്രട്ടറി നോമിനിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. മുൻ ദേശീയ ഡെപ്യൂട്ടി സുരക്ഷ ഉപദേഷ്ടാവും മുൻ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയുമായ ആന്റണി ബ്ലിങ്കന്റേയും ഡെലവെയറിൽ നിന്നുള്ള ക്രിസ് കൂൺസിന്റേയും പേരുകളാണ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉയർന്നു കേൾക്കുന്നത്. ഇരുവർക്കും ബൈഡനുമായി അടുത്ത ബന്ധമുണ്ട്.ബ്ലിങ്കനാണ് ഇതിൽ മുൻതൂക്കമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മുൻ അംബാസഡറും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ
സൂസൻ റൈസിന്റെ പേരും ചിലർ പ്രവചിക്കുന്നുണ്ട്.
ഭരണമാറ്റത്തിന് സജ്ജമെന്ന് വൈറ്റ്ഹൗസ്, ട്രംപിനെ തള്ളി റിപ്പബ്ലിക്കൻസും
ഭരണമാറ്റത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും ട്രംപ് ഭരണകൂടം നടത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ്. തിരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ട്രംപിന്റെ ആരോപണം. ട്രംപിന്റെ നിലപാടിനെ പിന്തുണച്ചാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പത്രസമ്മളേനം നടത്തിയത്. എന്നാൽ, എന്നാൽ, അധികാരമാറ്റത്തിനായി ഭരണഘടനാപരമായി വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ട്രംപിന്റെ തിരഞ്ഞെടുപ്പു ക്രമക്കേട് ആരോപണങ്ങൾ തള്ളി യു.എസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ നേതാക്കളും രംഗത്തെത്തി. മിഷിഗണിലെ ബൈഡന്റെ വിജയം അംഗീകരിക്കുന്നുവെന്ന സംസ്ഥാനത്തെ റിപ്പബ്ലിക്കൻ നേതാക്കളുടെ പ്രസ്താവനയും ട്രംപിനു തിരിച്ചടിയായി.
പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ ബൈഡന്
ജനുവരി 20നു അധികാരമേറ്റാലുടൻ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടായ @POTUS ന്റെ നിയന്ത്രണം ബൈഡനു കൈമാറുമെന്ന് സമൂഹമാദ്ധ്യമ അധികൃതർ വ്യക്തമാക്കി. ട്രംപ് തോൽവി സമ്മതിക്കുന്നില്ലെങ്കിലും ഇക്കാര്യത്തിൽ മാറ്റമുണ്ടാവില്ലെന്നും അധികാരക്കൈമാറ്റത്തിനു പൂർണ പിന്തുണ ട്വിറ്റർ നൽകുമെന്നും കമ്പനി വക്താവ് അറിയിച്ചു.