cristiano

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇരട്ടഗോൾ,കാഗ്ളിയറിയെ കീഴടക്കി യുവന്റസ്

ടൂറിൻ : കൊവിഡും യുവേഫ നേഷൻസ് ലീഗും കഴിഞ്ഞെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ തകർപ്പൻ ഫോമിൽ ഗോളടി തുടരുന്നു. കഴിഞ്ഞ രാത്രി ക്രിസ്റ്റ്യാനോ നേടിയ ഇരട്ടഗോളുകളുടെ മികവിൽ കാഗ്ളിയറിയെ 2-0ത്തിന് കീഴടക്കിയ നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

ടൂറിനിലെ യുവന്റസിന്റെ തട്ടകമായ അലിയൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ നാലുമിനിട്ടുകളുടെ ഇടവേളയിലായിരുന്നു ക്രിസ്റ്റ്യാനോയുടെ രണ്ടുഗോളുകളും. നിരവധി അവസരങ്ങൾ യുവന്റസിന് ലഭിച്ചെങ്കിലും ക്രിസ്റ്റ്യാനോയ്ക്ക് മാത്രമാണ് വലകുലുക്കാൻ ഭാഗ്യം ലഭിച്ചത്.

38-ാം മിനിട്ടിൽ ബർണാദേഷിയിൽ നിന്ന് ലഭിച്ച പന്ത് ബോക്സിന് പുറത്തുനിന്ന് സ്വീകരിച്ച മൊറാട്ട ക്രിസ്റ്റ്യാനോയ്ക്ക് കൈമാറുകയായിരുന്നു. പന്ത് കിട്ടിയ ക്രിസ്റ്റ്യാനോ ഉഗ്രനൊരു വലംകാലൻ ഷോട്ടിലൂടെ വലകുലുക്കി.

42-ാം മിനിട്ടിൽ ഒരു കോർണർകിക്കിൽ നിന്ന് കിട്ടിയ പന്ത് ഡെമിറാൽ മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ക്രിസ്റ്റ്യാനോയ്ക്ക് നൽകുകയായിരുന്നു. നിഷ്പ്രയാസം സൂപ്പർ താരം പന്ത് വലയിലെത്തിച്ചു.

ഈ വിജയത്തോടെ യുവന്റസിന് എട്ട് മത്സരങ്ങളിൽ നിന്ന് 16 പോയിന്റായി ഏഴുമത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള എ.സി മിലാന് പിന്നിൽ രണ്ടാം സ്ഥാനത്താണ് യുവന്റസ്.

എട്ടടിച്ച് ക്രിസ്റ്റ്യാനോയും സ്ളാട്ടനും വേട്ടയിൽ ഒന്നാമത്

കാഗ്ളിയറിക്കെതിരായ ഇരട്ടഗോളുകളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ സെരി എയിലെ സീസൺ ടോപ്സ്കോറർ പട്ടികയിൽ സ്ളാട്ടൺ ഇബ്രാഹിമോവിച്ചിനൊപ്പം ഒന്നാംസ്ഥാനത്തേക്ക് എത്തി. എട്ടുഗോളുകളാണ് ഇരുവരും നേടിയിരിക്കുന്നത്. യുവതാരങ്ങളെ മറികടന്നാണ് വെറ്ററന്മാരായ ഇരുവരും തകർപ്പൻ ഫോം പ്രദർശിപ്പിക്കുന്നത്. ക്രിസ്റ്റ്യാനോയ്ക്ക് 35ആണ് പ്രായം. സ്ളാട്ടനാകട്ടെ 40 ആകുന്നു. കഴിഞ്ഞ സീസണിൽ അമേരിക്കൻ മേജർ ലീഗിൽ നിന്ന് ലോൺ വ്യവസ്ഥയിലാണ് സ്ളാട്ടനെ മിലാൻ കൊണ്ടുവന്നത്.പ്രായം തളർത്താത്ത ഗോളടി മികവ് കണക്കിലെടുത്ത് ഈ സീസണിലും നിലനിറുത്തുകയായിരുന്നു. ക്രിസ്റ്റ്യാനോയ്ക്ക് കൊവിഡ് കാരണം ക്ലബിന്റെ എട്ടുമത്സരങ്ങളിൽ മൂന്നെണ്ണം നഷ്ടമായിരുന്നു.എന്നാൽ കളിച്ച അഞ്ചുമത്സരങ്ങളിലും ഗോളടിച്ചു.