കൈവ്:മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ ഉക്രേനിയൻ സ്വദേശിയായ മില പോവോറോസ്നുകിന് തീരെ താത്പര്യമില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിന്റേജ് വസ്ത്രങ്ങൾ മാത്രമാണ് മില ധരിക്കാറുള്ളത്. അങ്ങനെ മില തന്നെ തനിയ്ക്കൊരു പേരുമിട്ടു, വിന്റേജ് ലേഡി.19-ാം നൂറ്റാണ്ടിലെ പ്രശസ്തമായ നീളമുള്ള വസ്ത്രങ്ങളും അതിനൊത്ത ആഭരണങ്ങളും മറ്റ് ആക്സസറീസുകളുമാണ് മിലയ്ക്ക് ഏറെ പ്രിയം. മിലയുടെ വാർഡ്രോബ് നിറയെ നീളമുള്ള ഗൗണുകൾ, കോർസെറ്റുകൾ, മനോഹരമായ തൊപ്പികൾ, ചെരുപ്പുകൾ എന്നിവയുടെ ശേഖരമാണ്.
ഫാഷൻ ട്രെൻഡുകൾ വളരെ വേഗത്തിൽ മാറുന്നത് കൊണ്ടാണ് പത്തൊൻപതാം നൂറ്റാണ്ടിലെ വസ്ത്രധാരണത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് മില പറഞ്ഞു.
വിക്ടോറിയൻ കാലഘട്ടങ്ങളിലെ വസ്ത്രങ്ങളാണ് മില കൂടുതലായും ഉപയോഗിക്കുന്നത്.
എല്ലാ ദിവസവും രാവിലെ നീളം കൂടിയതും അമിതഭാരമുള്ളതുമായ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ബുദ്ധിമുട്ടാണെങ്കിലും പിന്നീട് താൻ അതുമായി ഇണങ്ങിയെന്ന് മില പറഞ്ഞു.ആദ്യം വിന്റേജ് ബ്ലൗസും പാവാടയുമായിരുന്നു മില ധരിച്ചിരുന്നത്. പിന്നീട് ഈ വിന്റേജ് വസ്ത്രങ്ങളാൽ തന്റെ അലമാര നിറയുകയായിരുന്നുവെന്നും മില കൂട്ടിച്ചേർത്തു.ഇപ്പോൾ മിലയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് വിന്റേജ് വസ്ത്രങ്ങൾ. ഇവ തനിയ്ക്ക് സുഖവും ആത്മവിശ്വാസവും നൽകിയെന്നാണ് മില പറയുന്നത്.
നിലവിൽ വിവിധ കാലഘട്ടങ്ങളിലെ നൂറിലധികം വസ്ത്രങ്ങളാണ് മിലയുടെ വിന്റേജ് വാർഡ്രോബിൽ ഉള്ളത്. ഇവയിൽ മിക്കതും 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള ഫാഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയവയാണ്.
സെക്കൻഡ് ഹാൻഡ് ഷോപ്പുകളിൽനിന്ന് മില ധാരാളം വിന്റേജ് ബ്ലൗസുകളും ഷൂസുകളും വാങ്ങാറുണ്ട്.മിലയുടെ പക്കലുള്ള വസ്ത്രങ്ങളിൽ പലതും പുസ്തകങ്ങളിൽനിന്നും മറ്റും കണ്ട് അവർ തന്നെ സ്വന്തമായി തുന്നിയതാണ്. മാർക്കറ്റിൽ നിന്ന് വസ്ത്രങ്ങൾക്ക് ചേരുന്ന ആക്സസറീസും മില വാങ്ങും.സോഷ്യൽ മീഡിയയിലൂടെ വിന്റേജ് വസ്ത്രങ്ങൾ സ്വന്തമായി തുന്നുന്നതും തയ്യൽ ട്യൂട്ടോറിയലുകളും ഫോട്ടോകളും മില പങ്കുവയ്ക്കാറുമുണ്ട്.