la-liga

അത്‌ലറ്റിക്കോ മാഡ്രിഡ് ബാഴ്സലോണയെ 1-0ത്തിന് തോൽപ്പിച്ചു

റയൽ മാഡ്രിഡ് വിയ്യാറയലുമായി 1-1ന് സമനിലയിൽ പിരിഞ്ഞു

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ബാഴ്സലോണയ്ക്ക് തോൽവിയും റയൽ മാഡ്രിഡിന് സമനിലയും വഴങ്ങേണ്ടിവന്നു. കരുത്തന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സലോണയെ തകർത്തത്. വിയ്യാറയലുമായി 1-1ന് സമനിലയിൽ പിരിയുകയായിരുന്നു റയൽ മാഡ്രിഡ്.

സ്വന്തം തട്ടകത്തിലാണ് അത്‌ലറ്റിക്കോ ബാഴ്സയെ എതിരിട്ടത്. ഇക്കുറി ബാഴ്സയിൽ നിന്ന് പിണങ്ങിയെത്തിയ ഉറുഗ്വേയൻ സൂപ്പർ താരം ലൂയിസ് സുവാരേസിന് കൊവിഡ് മൂലം അത്‌ലറ്റിക്കോ നിരയിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ബാഴ്സലോണ ഗോളി മാർക്ക് ടെർ സ്റ്റെഗന്റെ പിഴവാണ് യാന്നിക്ക് കരാസ്കോയിലൂടെ അത്‌ലറ്റിക്കോയ്ക്ക് ഗോളടിക്കാൻ വഴിയൊരുക്കിയത്.

45+3 -ാം മിനിട്ടിൽ ബോക്സിന് മുന്നിൽ വച്ച് കോറിയ കരാസ്കോയ്ക്ക് പാസ് നൽകുമ്പോൾ ബാഴ്സലോണ ഗോളി സ്ഥാനം തെറ്റിനിൽക്കുകയായിരുന്നു. ബാഴ്സ പോലൊരു ക്ളബിനെതിരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന ഇത്തരമൊരു അവസരം കരാസ്കോ മുതലാക്കുകയായിരുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ മെസിയടക്കമുള്ള ബാഴ്സയുടെ മുന്നേറ്റത്തെ സമർത്ഥമായി പ്രതിരോധിക്കാൻ കഴിഞ്ഞതാണ് അത്‌ലറ്റിയ്ക്കോ വിജയത്തിൽ നിർണായകമായത്. ഈ വിജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് എട്ട് മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ലാ ലിഗ പട്ടികയിൽ രണ്ടാമതെത്തി. ഒൻപത് മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള റയൽ സോസിഡാഡാണ് ഒന്നാം സ്ഥാനത്ത്.എട്ടുകളികളിലെ മൂന്നാം തോൽവിയോടെ 11 പോയിന്റ് മാത്രം നേടിയ ബാഴ്സലോണ പത്താമതാണ്.

വിയ്യാറയലിന്റെ തട്ടകത്തിൽ ചെന്നിറങ്ങി രണ്ടാം മിനിട്ടിൽത്തന്നെ സ്കോർ ചെയ്ത റയൽ മാഡ്രിഡ് രണ്ടാം പകുതിയിൽ വഴങ്ങിയ പെനാൽറ്റി ഗോളിലൂടെയാണ് സമനിലയിൽ കുരുങ്ങിയത്. രണ്ടാം മിനിട്ടിൽ മരിയാനോ ഡയസാണ് റയലിനായി സ്കോർ ചെയ്തത്.18 മാസത്തിന് ശേഷമാണ് ഡയസ് ഗോളടിക്കുന്നത്. എന്നാൽ പരിക്കേറ്റ കരിം ബെൻസേമയും സെർജിയോ റാമോസും ഇല്ലാതിരുന്നത് ആക്രമണത്തിലും പ്രതിരോധത്തിലും റയലിന് തിരിച്ചടിയായി. 76-ാം മിനിട്ടിൽ വിയ്യാറയലിന്റെ ഒരു നീക്കം പ്രതിരോമിക്കാൻ മുന്നോട്ടുകയറിയ റയൽ ഗോളി തിബോ കൗർട്ടോയുടെ ഫൗളളാണ് പെനാൽറ്റിക്ക് കാരണമായത്. മൊറേനോയെടുത്ത പെനാൽറ്റി തടുക്കാൻ കൗർട്ടോയ്ക്ക് കഴിഞ്ഞുമില്ല.

10 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി വിയ്യാറയൽ പോയിന്റ് പട്ടികയിൽ മൂന്നാമതുണ്ട്. ഒൻപത് കളികളിൽ നിന്ന് 17 പോയിന്റുള്ള റയൽ നാലാമതാണ്.