1967 മേയ് മാസത്തിൽ നക്സൽബാരിയിൽ 'വസന്തത്തിന്റെ ഇടി" മുഴങ്ങി. ഓക്സിജൻ കുഴലിലൂടെ പ്രാണൻ നിലനിറുത്തിക്കൊണ്ട് ചാരുമജുംദാർ ഗ്രാമഗ്രാമാന്തരങ്ങളിൽ സായുധവിപ്ളവത്തിന്റെ സന്ദേശം എത്തിക്കുകയും എഴുപതുകൾ ഇന്ത്യയുടെ വിമോചന ദശകമായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കാലമായിരുന്നു അത്. തോക്കിൻ കുഴലിലൂടെ, വർഗ ശത്രുക്കളുടെ ഉന്മൂലനത്തിലൂടെ, ഇന്ത്യയെ വിമോചിപ്പിക്കുവാൻ എല്ലാം ത്യജിച്ച് യുവാക്കൾ തെളിവിലും ഒളിവിലും പ്രവർത്തിച്ച കാലം.
ഇന്ത്യ അടിമുടി വിറച്ച, ത്യാഗപൂർണമായ ആ ചുവന്ന കാലത്തിന്റെ ധീര നേതാക്കളിൽ ഒരാളാണ് ഫിലിപ്പ് എം. പ്രസാദ്.
തലശേരി - പുൽപ്പള്ളി കലാപത്തെത്തുടർന്ന് ഫിലിപ്പ് എം. പ്രസാദും മറ്റു നൂറുകണക്കിന് വിപ്ളവകാരികളും തടവറകളിലായി. അവർ ക്രൂരമർദ്ദനങ്ങൾക്കും കഠിന പീഡനങ്ങൾക്കും വിധേയരായി. തടവറയിൽ വച്ച് ഫിലിപ്പ് ഭഗവദ് ഗീത, ഉപനിഷത്തുകൾ, മഹർഷി അരബിന്ദോയുടെ രചനകൾ തുടങ്ങിയ നിരവധി ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലൂടെ ആഴത്തിൽ സഞ്ചരിച്ചു. പിന്നെയുള്ള ദിവസങ്ങൾ തീവ്രമായ സത്യാന്വേഷണത്തിന്റേതായി. തടവറയിൽ നിന്നു പുറത്തുവന്ന തന്റെ ജീവിതം വല്ലാത്ത പ്രതിസന്ധിയിലായ ഒരു ഘട്ടത്തിൽ, 1985-ലെ ഓണക്കാലത്ത്, ഫിലിപ്പ് കുടുംബസമേതം പുട്ടപർത്തിയിൽ ഭഗവാൻ ശ്രീസത്യസായി ബാബയെ കാണാൻ പോയി. ആദ്യ അഭിമുഖത്തിൽ തന്നെ ഫിലിപ്പ് ബാബയുടെ പാദങ്ങളിൽ ശരണാഗതിയടഞ്ഞു. ബാബ ഫിലിപ്പിനെ നിരുപാധികം സ്വീകരിച്ചു. സ്വന്തം അമ്മ പോലും തന്നെ ഇങ്ങനെ അഖണ്ഡ സ്നേഹത്തോടെ ഹൃദയത്തിൽ ചേർത്തുപിടിച്ചിട്ടില്ലെന്ന് ഫിലിപ്പ് അറിഞ്ഞു. ആ നിമിഷത്തിൽ ഫിലിപ്പ് പൊട്ടിക്കരഞ്ഞു. ആ കണ്ണീർ വീണ് ബാബയുടെ കുങ്കുമ വസ്ത്രം നനഞ്ഞു കുതിർന്നു. ബാബ ഫിലിപ്പിന്റെ കണ്ണീരൊപ്പി. ബാബ പറഞ്ഞു: ''കുറ്റബോധത്തെ അതിജീവിക്കുക; സദാ സന്തുഷ്ടനായിരിക്കുക. ഭയപ്പെടാതിരിക്കുക; നിന്റെ കൂടെ ഞാനുണ്ട്."
ബാബയുടെ ജീവിത കഥയായ 'സത്യം ശിവം സുന്ദര"ത്തിന്റെ അഞ്ചാം ഭാഗത്തിൽ, സായുധ വിപ്ളവത്തിന്റെ ആഹ്വാനവുമായി ഒരു കൊടുങ്കാറ്റു പോലെ വന്ന ഫിലിപ്പ് ബാബയുടെ ദർശനത്തോടെ സനാതന മൂല്യങ്ങളുടെയും ശാന്തിയുടെയും സന്ദേശ വാഹകനായി പരിണമിച്ചതിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ഫിലിപ്പ് ബാബയുടെ ധർമ്മ സന്ദേശങ്ങളുമായി കേരളം മുഴുവൻ സഞ്ചരിച്ച് പ്രഭാഷണങ്ങൾ നടത്തി. ബാബയെക്കുറിച്ച് ഒട്ടേറെ ലേഖനങ്ങളും പുസ്തകങ്ങളും എഴുതി. ഫിലിപ്പ് ബാബയെപ്പറ്റി ഏറ്റവുമൊടുവിൽ ഇംഗ്ളീഷിൽ രചിച്ച പുസ്തകമാണ് 'ബിയോണ്ട് മിറക്കിൾസ്."
ബാബയെക്കുറിച്ച് ലോകത്തിലെ പല ഭാഷകളിലായി ആയിരക്കണക്കിന് പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും രചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഫിലിപ്പിന്റെ 'ബിയോണ്ട് മിറക്കിൾസ് " ഇവയിൽ നിന്നെല്ലാം വ്യതിരിക്തവും മൗലികവും സൂക്ഷ്മവും സമഗ്രവുമാണ്.
സർവജ്ഞനും സർവവ്യാപിയും സർവശക്തനുമായ ബാബയുടെ ഏറ്റവും വലിയ അദ്ഭുത കൃത്യങ്ങൾ ഏതൊക്കെയാണെന്ന് ഈ പുസ്തകം ശാസ്ത്രീയമായും നിശിതമായും അപഗ്രഥിച്ച് കണ്ടെത്തുന്നു. പുട്ടപ്പർത്തിയിൽ പതിനായിരക്കണക്കിന് ജനങ്ങളുടെ മദ്ധ്യത്തിൽ ആയിരിക്കുമ്പോൾ തന്നെ, സ്ഥല - കാലങ്ങൾ കടന്ന്, എപ്പോഴും എവിടെയും പ്രത്യക്ഷപ്പെട്ട് ഭക്തരെ മഹാവിപത്തുകളിൽ നിന്ന് രക്ഷപ്പെടുത്തുന്നതു മുതൽ മരിച്ചവരെ ഉയിർത്തെഴുന്നേല്പിക്കുന്നതുവരെ ബാബയുടെ അദ്ഭുത കൃത്യങ്ങൾ നീണ്ടുപോകുന്നു. അതിസങ്കീർണമായ പ്രശ്നങ്ങളിൽ കുരുങ്ങിപ്പിടയുകയും കൊടിയ ദുഃഖങ്ങളിൽ തകർന്നടിയുകയും ചെയ്യുന്ന ലോകമെങ്ങുമുള്ള ലക്ഷോപലക്ഷം മനുഷ്യരുടെ ഹൃദയങ്ങളിൽ ബാബ പകർന്ന സാന്ത്വനത്തെയും കാരുണ്യത്തെയും ശാന്തിയെയും പറ്റി എഴുതാൻ എത്രയോ പുസ്തകങ്ങൾ വേണ്ടിവരും.
എന്നാൽ ഇവയെല്ലാം തന്നെ ബാബ എന്ന ദൈവത്തിന്റെ അവതാര നാടകത്തിലെ ചെറിയൊരു ഭാഗം മാത്രമാണ്. മഹാനായ ഡോ. എ.പി.ജെ. അബ്ദുൽ കലാം ഹൃദയത്തിൽ തൊട്ടുപറഞ്ഞത് ഫിലിപ്പ് തന്റെ ഈ പുസ്തകത്തിൽ ഉദ്ധരിക്കുന്നു: ''ഭഗവാൻ ബാബ ദാരിദ്ര്യത്തിനെതിരെ ഒരു ആന്റി ബാലിസ്റ്റിക് മിസൈൽ അയച്ചിരിക്കുകയാണ്. ഈ മിസൈൽ വിദ്യാഭ്യാസം, ആരോഗ്യം, ജലം എന്നിവയിലൂടെ കുതിച്ചുപായുകയാണ്."
വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ പരിപാലന രംഗത്തിലും കുടിവെള്ള വിതരണത്തിലും ബാബ നടത്തിയതു പോലുള്ള ബൃഹത് കർമ്മങ്ങൾ അത്യന്തം അദ്ഭുതകരമാണ്. ഒരു ഭരണകൂടത്തിനോ ഒരു മഹാസ്ഥാപനത്തിനോ കഴിയാത്ത കർമ്മ പദ്ധതികളാണ് ബാബ ഇപ്പറഞ്ഞ മൂന്നു രംഗങ്ങളിൽ സമ്പൂർണമായും സൗജന്യമായി നടപ്പിലാക്കിയത്. അവയാണ് ബാബയുടെ ഏറ്റവും വലിയ അദ്ഭുതങ്ങളെന്ന് നാം മനസിലാക്കുന്നു. എന്നാൽ ബാബ എല്ലാ അത്ഭുതങ്ങൾക്കും അപ്പുറത്താണെന്നും പ്രപഞ്ചത്തിലെ സമസ്ത ചരാചരങ്ങളും ബാബയുടെ അക്ഷയ സ്നേഹത്തിൽ മുങ്ങിനിൽക്കുകയാണെന്നും ഈ ഗ്രന്ഥത്തിലൂടെ നാം അനുഭവിച്ചറിയുന്നു.
ഈ കുറിപ്പ് എഴുതുന്നയാൾ അറുപതുകളുടെ അന്ത്യത്തിൽ ഫിലിപ്പ് എന്ന വിപ്ളവകാരിയുടെ അനുഭാവി ആയിരുന്നു. അഞ്ചു ദശാബ്ദങ്ങൾ കടന്നുപോയിരിക്കുന്നു. ഇന്നും ഫിലിപ്പിന്റെ അനുഭാവിയായി തുടരുന്നു. എനിക്ക് എത്രയും പ്രിയപ്പെട്ട ഈ ജ്യേഷ്ഠ സുഹൃത്തിന്റെ അളവറ്റ സ്നേഹവാത്സല്യങ്ങൾ ഇക്കാലമത്രയും ഞാൻ ഏറ്റുവാങ്ങുന്നു. അറുപതുകളുടെ അന്ത്യത്തിൽ ഞങ്ങളെ ബന്ധിപ്പിച്ച കണ്ണി ഇന്ത്യ കണ്ട എക്കാലത്തെയും ധീരനായ വിപ്ളവകാരി ചാരുമജുംദാർ ആയിരുന്നു. ഇന്ന്, ഞങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണി ശിവശക്തി സ്വരൂപനായ ഭഗവാൻ ശ്രീസത്യസായി ബാബയാണ്.