ലോക്ക് ഡൗണുകളുടെയും നിയന്ത്രണങ്ങളുടെയും 'പുതു നോർമൽ"കാരണം ആളുകൾ ക്ളേശം അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഫൈസറും മൊഡേണയും പ്രഖ്യാപിച്ച രണ്ട് തരം കൊവിഡ് വാക്സിൻ വലിയൊരു ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വാർത്തയിൽ വിപണികൾ ആഹ്ളാദിച്ചു: സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ പുതിയ ഉയരങ്ങൾ കീഴടക്കി.
എന്നാൽ അമിതാഹ്ളാദം വേണ്ട. കാരണം ഫൈസറിന്റെ സി.ഇ.ഒ തന്റെ ഓഹരിയുടെ 62 ശതമാനം ഉടനെ വിറ്റു. അതുപോലെ മൊഡേണയുടെ സി.ഇ.ഒ 40 ശതമാനവും വിറ്റു. ഇത് സംശയാസ്പദമാണ്. വാക്സിന്റെ കാര്യത്തിൽ ഇവർക്കുള്ള വിശ്വാസക്കുറവാണ് ഈ തിടുക്കത്തിന് കാരണമെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.
ഫൈസറിന്റെ വാക്സിൻ 95 ശതമാനം ഫലപ്രദമെന്നും മൊഡേണയുടേയുടേത് 94.5 ശതമാനവും ഫലപ്രദമാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇതിന്റെ ആധികാരികതയെക്കുറിച്ച് നമുക്ക് വ്യക്തതയില്ല.
വാക്സിൻ പരീക്ഷണം ആദ്യഘട്ടം ജന്തുക്കളിലാണ് നടത്തുന്നത്. രണ്ടാംഘട്ടം ഏകദേശം നൂറിൽ താഴെ മനുഷ്യരിൽ നടത്തും. മൂന്നാംഘട്ടം 30000- 43,000 പേരിൽ നടത്തിക്കൊണ്ടിരിക്കുന്നു.
ഈ 43,000 പേർ ആരൊക്കെയാണ് ? സ്ത്രീ എത്ര? പുരുഷൻ എത്ര? ഏത് പ്രായത്തിൽ പെടുന്നവരാണ്? എത്ര വെള്ളക്കാർ? എത്ര ഏഷ്യക്കാർ? എത്ര കറുത്ത വർഗക്കാർ?
പരീക്ഷണം നടത്തിയ മനുഷ്യരിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ അളവ് ഇവയൊക്കെ എത്ര ? ചുരുക്കത്തിൽ ലോകത്തുള്ള എല്ലാ വിഭാഗം മനുഷ്യരെയും ഇവർ പ്രതിനിധീകരിക്കുന്നുണ്ടോ? എന്തുകൊണ്ടാണ് ഒരു ആർ.സി.ടി (randomised controlled trial ) ചെയ്യാത്തത്?
എന്തൊക്കെയാണ് വാക്സിന്റെ പാർശ്വഫലങ്ങൾ? വാക്സിൻ പരീക്ഷണത്തിനിടെ വോളന്റിയർമാരിൽ പാർശ്വഫലങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് വാക്സിൻ പരീക്ഷണം താത്കാലികമായി നിറുത്തി വച്ചിട്ടുണ്ട്. വീണ്ടും അത് തുടരുകയും ചെയ്തു. ഉദാ - നവംബർ ഒൻപതിന് ബ്രസീലിൽ ഒരു ചൈനീസ് വാക്സിൻ.
സുപ്രധാനമായ ചോദ്യം ഇതാണ് - വാക്സിൻ എടുത്താൽ എത്രനാളത്തേക്ക് രോഗപ്രതിരോധശക്തി നിലനില്ക്കും ? ഒരു വർഷം? ആറു മാസം? മൂന്നു മാസം? ഒരാഴ്ച? ഗവേഷകർക്ക് ഇതെപ്പറ്റി വ്യക്തതയില്ല.
വാക്സിന് എത്രമാത്രം വിലവരും? ഇന്ത്യയിലെ പാവപ്പെട്ടവർക്ക് ഇത് വാങ്ങാനുള്ള കെല്പുണ്ടാകുമോ? ഇതും ആർക്കും വ്യക്തമായി അറിയില്ല. ഓക്സ്ഫോർഡിന്റെ മറ്റൊരു വാക്സിൻ ഇന്ത്യയിൽ പരക്കെ ഉപയോഗിക്കാൻ 80,000 കോടി ചെലവാകുമെന്നു അവരുടെ പാർട്ണർ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. ശരാശരി ഒരാൾക്ക് ഏകദേശം 700 രൂപ എന്ന് വില മതിക്കാം. ഇതിനു എട്ട് ഡോളറും മോഡണയുടെ വാക്സിന് 40 ഡോളററും ഫൈസറിന്റെ വാക്സിന് 80 ഡോളറും വില വരുമെന്ന് 'ഇക്കണോമിസ്റ്റ് ' ആഴ്ചപ്പതിപ്പ് അനുമാനിക്കുന്നു.
എന്നാൽ വാക്സിനു പിന്നിലെ ശാസ്ത്രവും സാങ്കേതികവിദ്യയും നമുക്ക് പരിഗണിക്കാം. സാങ്കേതികവിദ്യ പുതിയതല്ല: 1700 കളിൽ ബംഗാളിൽ ഇന്ത്യൻ വൈദ്യന്മാർ ഇത് ആദ്യമായി പ്രയോഗിച്ചു. ആരോഗ്യമുള്ള ആളുകൾക്ക് cowpox പഴുപ്പ് ഉപയോഗിച്ച് അവർ വാക്സിനേഷൻ നൽകി, അങ്ങനെ അവർക്ക് കൂടുതൽ പ്രതിരോധശേഷി ലഭിക്കുകയും മാരകമായ വസൂരിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തു.
ശാസ്ത്രം പുതിയതും ഭയപ്പെടുത്തുന്നതുമാണ്. സാധാരണ വീര്യം കുറഞ്ഞരോഗാണു, അല്ലെങ്കിൽ ചത്തരോഗാണുക്കളെ ആണ് വാക്സിൻ കുത്തിവയ്പിന് ഉപയോഗിക്കുന്നു. എന്നാൽ രണ്ട് പുതിയ കൊവിഡ് വാക്സിനുകളും എം.ആർ.എൻ.എ ( mRNA) വാക്സിൻ എന്ന് പറയപ്പെടുന്ന ഒരു പുതിയ ശാസ്ത്രമാണ് . ബോസ്റ്റൺഗ്ലോബിന്റെ ആരോഗ്യ പ്രസിദ്ധീകരണമായ സ്റ്റാറ്റ് ന്യൂസിൽ എം.ആർ.എൻ.എ വാക്സിനുകൾ എന്താണെന്ന് ഇങ്ങനെ വിവരിച്ചിരിക്കുന്നു. :
ഫൈസറിന്റെ വാക്സിനുംമോഡേണയും മെസഞ്ചർ ആർ.എൻ.എ അല്ലെങ്കിൽ എം.ആർ.എൻ.എ, സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതുവഴി എം.ആർ.എൻ.എ വൈറസിന്റെ ഒരു പ്രോട്ടീൻ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നു. ഈ പ്രോട്ടീനെ തിരിച്ചറിഞ്ഞ നമ്മുടെ ആന്റിബോഡികൾ, ശരീരത്തെ വൈറസ് ആക്രമിക്കുന്ന സമയത്ത് അതിനെതിരെ പ്രതിരോധം തീർക്കുന്നു. എന്നാൽ ഒരു എം.ആർ.എൻ.എ വാക്സിനും ഇതുവരെ വിപണിയിലെത്താൻ അംഗീകാരം ലഭിച്ചിട്ടില്ല.
ശാസ്ത്രം കുറ്റമറ്റതാണെങ്കിൽപ്പോലും, ഉത്പാദനക്ഷമതയ്ക്ക് ആവശ്യമുള്ളത് എൻജിനിയറിംഗ്, നിർമ്മാണം, വിതരണം ഇവയെല്ലാമാണ്. നിർഭാഗ്യവശാൽ ഇവയ്ക്ക് തടസങ്ങളുണ്ട്. വാക്സിന്റെ ഉത്പാദനംനേരിടുന്ന ഒരു വെല്ലുവിളി വാക്സിൻ സൂക്ഷിക്കാൻ ആവശ്യമായ പൊട്ടാത്ത കാഠിന്യമുള്ള ഗ്ലാസ് ഇഞ്ചക്ഷൻ കുപ്പികൾ, സൂചികൾ, റബ്ബർ സ്റ്റോപ്പർ തുടങ്ങിയവയുടെ മതിയായ അളവിൽ ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല.
സുരക്ഷിതമായ വിതരണമാണ് ഏറ്റവും വലിയ വെല്ലുവിളി. ഫൈസർ വാക്സിൻ മൈനസ് 80 ഡിഗ്രി സെൽഷ്യസിലും മൊഡേണ മൈനസ് 20 ഡിഗ്രി സെൽഷ്യസിലാണ് നിലനിറുത്തേണ്ടത്. പൾസ്പോളിയോ തുള്ളികളുടെ വിതരണത്തിനായി സൃഷ്ടിച്ച ഇന്ത്യയുടെ 'കോൾഡ് ചെയിൻ" മൈനസ് 2-8 ഡിഗ്രിയിലാണ് സൂക്ഷിക്കുന്നത് !