സൂറത്ത്: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച അയൽവാസിയെ പിതാവ് തല്ലിക്കൊന്നു. ഗുജറാത്തിലെ ബൊർഹതയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസുകാരിയെ ചോക്ളേറ്റ് നൽകി അയൽവാസിയായ 19കാരൻ രാജു പബ്ളിക് ടോയ്‌ലറ്റിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ടോയ്‌ലറ്റിൽ നിന്ന് കരഞ്ഞുകൊണ്ടിറങ്ങിവരുന്നത് രാജുവിന്റെ അമ്മ കണ്ടു. തൊട്ടുപിന്നാലെ രാജുവും ഇറങ്ങിവരുന്നത് കണ്ട അമ്മ കുഞ്ഞിനോട് കാര്യങ്ങൾ തിരക്കി. സ്വകാര്യ ഭാഗത്ത് രക്തസ്രാവം കണ്ടതോടെ കുട്ടിയുടെ അച്ഛനെ വിവരം ധരിപ്പിക്കുകയായിരുന്നു.
പ്രകോപിതനായ അച്ഛൻ രാജുവിനെ വടികൊണ്ട് അടിച്ചു. ജനനേന്ദ്രിയത്തിൽ പല തവണ മർദ്ദിച്ചു. ബോധരഹിതനായ യുവാവിനെ ബറൂച്ച് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരണമടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ബറൂച്ച് ഡെപ്യൂട്ടി സൂപ്രണ്ട് ചിരാഗ് ദേശായി അറിയിച്ചു.