suicide

താനെ: ദൈവത്തെപ്പോലെയാകാന്‍ ആള്‍ദൈവം അടക്കം മൂന്നുപേര്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മരണത്തിനു ശേഷം ദൈവത്തെപ്പോലെയാകുമെന്ന് പ്രതീക്ഷിച്ചാണ് മൂവരും കെട്ടിത്തൂങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ആടുമേയ്ക്കാന്‍ പോയ ആളാണ് മൂവരുടേയും അഴുകിയ ശരീരം കണ്ടെത്തിയത്.

സഹാപൂരിലെ നിതിന്‍ ബെഹര്‍ (35), ചന്ദേ ഗ്രാമത്തിലെ മഹേന്ദ്ര ദുബെ (28) മരുമകന്‍ മുകേഷ് ഗാവത്ത് എന്നിവരെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് മൂവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. നവംബര്‍ 14 ന് മൂവരേയും കാണാതായതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

കുറച്ചു നാളുകളായി നിതിന്‍ ബെഹര്‍ മന്ത്രം പഠിച്ചുവരികയായിരുന്നു. നവംബര്‍ പതിനാലിന് മറ്റ് മൂന്നു പേരോടൊപ്പം നിതിന്‍ കാട്ടില്‍ പോയിരുന്നു. തുടര്‍ന്ന് സ്ഥലത്തുവെച്ച് മൂവരും മദ്യപിച്ചു. പിന്നാലെ, തൂങ്ങി മരിച്ചാല്‍ പ്രത്യേക ശക്തി ലഭിക്കുമെന്ന് നിതിന്‍ മറ്റുള്ളവരെ വിശ്വസിപ്പിച്ചു. മഹേന്ദ്രയും മുകേഷും മരിക്കാന്‍ സമ്മതിച്ചപ്പോള്‍ കൂടെ ഉണ്ടായിരുന്ന കുട്ടി ഓടി രക്ഷപെട്ടു. പിന്നാലെയാണ് മൂവരും തൂങ്ങിമരിച്ചതെന്നാണ് റിപ്പോർട്ട്. കാട്ടിലേക്ക് പോയപ്പോള്‍ നിതിന്‍ നാല് സാരികള്‍ ഒപ്പം കരുതിയിരുന്നു.

മരത്തിന്റെ ചുവട്ടിലിരുന്ന് മദ്യപിച്ച ശേഷം കഴുത്തില്‍ സാരി ചുറ്റിയാല്‍ ശരീരത്തിന് പ്രത്യേക ശക്തി കൈവരുമെന്നും നിതിന്‍ സംഘത്തെ വിശ്വസിപ്പിച്ചു. നിതില്‍ തീവ്ര മതവിശ്വാസിയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ഥലത്തു നിന്നും രക്ഷപെട്ട കുട്ടിയുടെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്.