ഭക്ഷണം , വ്യായാമം , ഉറക്കം ,വിശ്രമം എന്നിവ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഇവയുടെ താളം തെറ്റുമ്പോഴാണ് ജീവിതശൈലീ രോഗങ്ങൾ പിടികൂടുന്നത്. ശ്രദ്ധയോടെയും കരുതലോടെയും ജീവിച്ചാൽ മഹാമാരികളെ ഒരു പരിധിവരെ ചെറുക്കാനും , അവയുടെ കാഠിന്യത്തെ കുറയ്ക്കാനുമുള്ള പ്രതിരോധശേഷി നേടാം.
ഭക്ഷണം ശ്രദ്ധയോടെ
പയറ്, പരിപ്പ് വർഗങ്ങളിൽ നിന്നും, മത്സ്യ മാംസാദികളിൽ നിന്നും, പാൽ ഉത്പന്നങ്ങളിൽ നിന്നും കൂടാതെ സോയ ഉത്പന്നങ്ങൾ , നട്സ് , സീഡ്സ് തുടങ്ങിയവയിൽ നിന്നും ലഭിക്കുന്ന മാംസ്യം ഭക്ഷണത്തിൽ ഉറപ്പാക്കാം. ഇമ്മ്യൂൺ കോശങ്ങളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചിയാ സീഡ്സ് , വാൾനട് , മത്തൻ വിത്തുകൾ , തണ്ണീർമത്തൻ വിത്തുകൾ സൂര്യകാന്തി വിത്തുകൾ, മത്സ്യങ്ങളായ അയല , ചൂര, മത്തി , കിളിമീൻ തുടങ്ങിയവ കഴിക്കുക.
ജീവകം എ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ പാൽ , പാലുത്പന്നങ്ങൾ, മുട്ട , ഇലക്കറികൾ , കാരറ്റ് , മത്തൻ , ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികൾ എന്നിവ ദൈനംദിന ജീവിത്തിൽ കൊണ്ടുവരിക. ആട്ടിൻപാൽ, വെണ്ണ, കാബേജ് തുടങ്ങിയവയിൽ ധാരാളം ഫ്ളൂറിൻ അടങ്ങിയിട്ടുണ്ട്.
മുഴുധാന്യങ്ങളിലെ തവിടിൽ ഉള്ള സിങ്ക് , ബി വിറ്റാമിനുകൾ ,
സെലനിയും ,കോപ്പർ കൂടാതെ, ജീവകം സി അടങ്ങിയ ഇലക്കറികളും , സിട്രസ് പഴവർഗങ്ങളായ ഓറഞ്ച് , നാരങ്ങാ , തുടങ്ങിയവയും , ക്യാപ്സിക്കം , പപ്പായ തുടങ്ങിയ പച്ചക്കറികളും പഴവർഗങ്ങളും നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായകമാകും. പച്ചക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കുക. ഇത് ശരീരത്തെ തണുപ്പിക്കും.
ഇഞ്ചി , വെളുത്തുള്ളി , മഞ്ഞൾപ്പൊടി , കറുവപ്പട്ട , കരുംജീരകം തുടങ്ങി നമ്മുടെ അടുക്കളയിലെ മരുന്നുകളെ സാധാരണ അളവിൽ കറികളിൽ ചേർത്തുപയോഗിക്കാം.
മുളപ്പിച്ച പയർപരിപ്പു വർഗങ്ങളുടെയും ഇലക്കറികളുടെയും മറ്റും ഉപയോഗം ദൈനംദിന ജീവിതത്തിൽ കൊണ്ടുവരുന്നതു ഉത്തമമാണ് .
വെള്ളം ദിവസേന മൂന്ന് ലിറ്ററിൽ അധികമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക മധുരം , എണ്ണ, അധികം കൊഴുപ്പടങ്ങിയ മാംസങ്ങൾ (റെഡ്മീറ്റ്) എന്നിവ പരമാവധി നിയന്ത്രിക്കാം.
വ്യായാമം ശീലമാക്കാം
ശരീരത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ ഘടകമാണ് നടത്തം , നൃത്തം, സൈക്ലിംഗ് , നീന്തൽ തുടങ്ങിയ വ്യായാമ മുറകൾ അംഗീകൃതമായ സ്ഥലങ്ങളിൽ നിന്നും അഭ്യസിക്കുകയോ , പരിശീലിക്കുകയോ ചെയുന്നത് നല്ലതാണ്.
കൂടാതെ ക്രിക്കറ്റ് , കബഡി , ജിം , സുമ്പ തുടങ്ങിയവയും പരിശീലിക്കാം. മനസിനും ശരീരത്തിനും യോജിച്ച വ്യായാമം നല്ലതാണ് . അധികമായാൽ വ്യായാമവും ഹാനികരമാണ്.
യോഗ
ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ചിത്ത വൃത്തികളെ നിരോധിച്ച് യഥാർത്ഥ തത്വത്തെ അറിഞ്ഞു ,തെറ്റായവ തിരസ്കരിച്ച് ശരീരത്തിന്റെയും മനസിന്റെയും നില നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് യോഗ. അനിർവചനീയവും അദ്ഭുതകരവുമായ ശക്തിചൈതന്യങ്ങൾ മനുഷ്യരിൽ അന്തർലീനമായിട്ടുണ്ട്. അവയെ ഉണർത്തി, വികസിപ്പിച്ച് വളരെ ശ്രേഷ്ഠമായ മാർഗങ്ങളിലൂടെ നയിച്ച് മനുഷ്യനെ പൂർണനാക്കുന്ന പ്രക്രിയയാണു യോഗാഭ്യാസം.
ഭാരതത്തിൽ ഉദ്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റെയും മനസിന്റെയും മാറ്റം ലക്ഷ്യമിടുന്നു.
വിശ്രമത്തിനു നിദ്രയും അനിവാര്യം
മനുഷ്യ ശരീരത്തിനും ഒപ്പം മനസിനും വിശ്രമം അനിവാര്യമാണ്.അതിനാൽ 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ സമയം കണ്ടെത്തുക.ശാന്തമായ നിദ്ര ഉണർവും ഉത്തേജനവും നൽകുന്നു. ഒപ്പം ജീവിതത്തിൽ പോസിറ്റീവ് ആയി ചിന്തിക്കാൻ സഹായിക്കുന്നു .