പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ 2-0ത്തിന് കീഴടക്കി ടോട്ടൻഹാം ഒന്നാം സ്ഥാനത്ത്
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് കീഴടക്കി ഹാെസെ മൗറീന്യോയുടെ ടോട്ടൻഹാം പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുപകുതികളിലുമായി ഓരോ ഗോൾ വീതമാണ് ടോട്ടൻഹാം നേടിയത്.
അഞ്ചാം മിനിട്ടിൽ ദക്ഷിണകൊറിയൻ താരം സൺ ഹ്യൂം മിന്നിലൂടെയാണ് ടോട്ടൻഹാം ആദ്യഗോൾ നേടിയത്. 65-ാം മിനിട്ടിൽ ജിയോവനി ലോ സെൽസോ രണ്ടാം ഗോളും നേടി. പകരക്കാരനായി ഇറങ്ങി 35 സെക്കൻഡുകൾക്കകമായിരുന്നു ലോ സെൽസോ സ്കോർ ചെയ്തത്.
ഈ വിജയത്തോടെ ടോട്ടൻഹാമിന് ഒൻപത് മത്സരങ്ങളിൽ നിന്ന് 20 പോയിന്റായി.കഴിഞ്ഞ ദിവസം ന്യൂകാസിലിനെ 2-0ത്തിന് തോൽപ്പിച്ച് 18 പോയിന്റിലെത്തിയ ചെൽസിയെ മറികടന്നാണ് ടോട്ടൻഹാം ഒന്നാമതെത്തിയത്. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ ഒരുഗോളിന് വെസ്റ്റ് ബ്രോമിനെ തോൽപ്പിച്ചു.56-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസാണ് വിവാദ പെനാൽറ്റിയിലൂടെ വിജയഗോൾ നേടിയത്. കഴിഞ്ഞ ജൂലായ് മാസത്തിന് ശേഷം ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടുന്ന ആദ്യ വിജയമായിരുന്നു ഇത്.എട്ടുകളികളിൽ നിന്ന് 13 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഒൻപതാം സ്ഥാനത്താണ്.