കട്ടപ്പന: കളിക്കുന്നതിനിടെ പടുതാക്കുളത്തിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഇരട്ടയാർ തുളസിപ്പാറ ചെന്നാക്കുന്നേൽ അനൂപ് സോണിയ ദമ്പതികളുടെ മകൾ അലീനയാണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. സഹോദരങ്ങളായ ആൽബിനും അലക്‌സിക്കുമൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടിയെ വീടിന്റെ പിൻവശത്തെ കൃഷിയിടത്തിലുള്ള പടുതാക്കുളത്തിൽ വീണ നിലയിൽ കണ്ടെത്തി.കുട്ടിയെ ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.