police

കണ്ണൂരിലെ ചെറുപുഴയിൽ റോഡ് വശത്ത് കച്ചവടം ചെയ്യുന്നവരെ പൊലീസ് ആട്ടിയോടിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് അഭിഭാഷകൻ ശ്രീജിത്ത് പെരുമന. ഈ വാർത്തയും പൊലീസിന്റെ പ്രവൃത്തിയും അങ്ങേയറ്റം മോശമാണെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്ന അഭിഭാഷകൻ സംഭവത്തിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഈ 'തോന്ന്യവാസത്തിന്' കൈയ്യടിക്കാൻ തനിക്കാകില്ലെന്നും പൊലീസിലെ കാപാലികരെ പിരിച്ചുവിടുകയാണ് ചെയ്യേണ്ടതെന്ന് ശ്രീജിത്ത് തന്റെ കുറിപ്പിൽ അഭിപ്രായപ്പെടുന്നുണ്ട്. പൊലീസ് അതിക്രമത്തിന്റെ ഈ വീഡിയോ ദൃശ്യം വൻതോതിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.

കുറിപ്പും വീഡിയോയുംചുവടെ:

'കാക്കിക്കുള്ളിലെ ഗുണ്ടകളായ കാപാലികരെ നിലയ്ക്ക് നിർത്തുക ; തറവാട്ടുവക തുന്നിയ കോണകമല്ല കാക്കിയെന്ന് മനസിലാക്കുക❗️

റോഡിന്റെ ഓരത്‌ കച്ചോടം ചെയ്യുന്ന പാവപെട്ട വണ്ടിക്കാരെ ചെറുപുഴ പൊലീസ് പച്ചതെറി വിളിച്ചു ആട്ടി ഓടിക്കുന്നു എന്ന വാർത്തയും വീഡിയോ ദൃശ്യങ്ങളും ലജ്ജിപ്പിക്കുന്നതും, പക്കാ തോന്ന്യാസവുമാണ്. സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി.

ചെയ്തത് കുറ്റകൃത്യമാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത്, വാഹനവും കസ്റ്റഡിയിൽ എടുത്ത് ജാമ്യത്തിൽ വിടേണ്ട സംഭവത്തിൽ ക്യാമറയ്ക്ക് മുന്നിൽ കമ്മീഷണർ സിനിമ കളിക്കുന്ന പൊലീസ് ഏമാനെ കാണൂ...

ആത്മാഭിമാനം എന്നൊന്നുണ്ട് മനുഷ്യർക്ക്, മരണത്തിലും മുകളിലാണ് അതിന്റെ സ്ഥാനം. അത് സംരക്ഷിക്കുക എന്നതാണ് ഭരണകൂടത്തിന്റെ ഭരണഘടന ദൗത്യം.

പ്രകോപനമുണ്ടാക്കി, ഓടി രക്ഷപെടാൻ ശ്രമിക്കുമ്പോൾ, കൃത്യനിർവഹണം തടസപ്പെടുത്തുമ്പോൾ അത്തരം സാഹചര്യങ്ങളിൽ പൊലീസിന് ആവശ്യമായ കായികബലം ഉപയോഗിക്കാനുള്ള അധികാരംപോലുമുണ്ട് എന്നാൽ അപ്പോഴും മാനം മര്യാദയ്ക്ക് ജനങ്ങളോടു സംസാരിക്കണമെന്നത്..സംവദിക്കണമെന്നത് അടിസ്ഥാന നിയമവും വ്യവസ്ഥയുമാണ്....അതെല്ലാം ലംഘിച്ചുകൊണ്ട് വ്യാപാരി വ്യവസായിക്ക്‌ വേണ്ടി അച്ചാരം മേടിച്ച് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്ന ഇടപാടിന്റെ പേര് പൊലീസിംഗ് എന്നല്ല ശുദ്ധ ചെറ്റത്തരം എന്നാണ്.

ഇന്ന് കണ്ടത്തിൽവെച്ച് ഏറ്റവും അശ്ലീലമായതും മനുഷ്യവകാശ ലംഘനം നടന്നതുമായ ഒരു ദൃശ്യമാണ് പ്രചരിക്കുന്നത്.

നിയമ ലംഘനത്തിന്റെ പേരിലല്ല ഏത് ആറ്റംബോംബിന്റെ പേരിലായാലും പൊലീസിന്റെ ഈ അഴിഞ്ഞാട്ടത്തിനും, തോന്ന്യാസത്തിനും കൈയടിക്കാൻ തത്ക്കാലം സൗകര്യമില്ല.

ഹെൽമറ്റ് വെക്കാത്തതിന് വയോധികന്റെ മുഖത്തടിച്ച് വലിച്ചിഴയ്ക്കുന്നു..... ഇപ്പോൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്നു....ട്രാൻസ്ജെൻഡറായ സജിനയെ അപമാനിച്ച് ജോലിചെയ്യാൻ അനുവദിക്കാതെ ക്രൂരത കാണിക്കുന്നു.. സമകാലീന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസിലെ ക്രിമിനലുകളുടെ ഗുണ്ടായിസത്തിനെതിരെ കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.

സർക്കാരിനും, പൊലീസ് മേധാവിക്കും കൊടുക്കുന്ന പരാതികൾ വെള്ളത്തിൽ വരച്ച വരപോലെയാണ്. കേരള പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നത് ഒരു നാണക്കേടിന്റെ കഥയാണ് എന്നതാണ് മറ്റൊരു വിരോധാഭാസം.

പൊലീസിനെതിരായ പരാതികൾ നൽകാൻ സ്ഥാപിതമായ കേരള പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് ഒരു വെബ്സൈറ്റോ, പരാതി നൽകാൻ ഈമെയിലോ, ഫോൺ നമ്പറോ ഇല്ല എന്ന് പ്രസ്‌തുത സ്ഥാപനത്തിന്റെ ചെയർമാനായ ഒരു റിട്ടയേർഡ് ജഡ്ജിന് കാളപെറ്റ ആല പോലെ നിഷ്ക്രിയമായൊരു ഫേസ്ബുക്ക് പേജിലൂടെ പറയേണ്ടിവരുന്നത് എന്തൊരു ദുരന്തമാണ്.

കേരള പൊലീസ് കംപ്ലയിന്റ് അതോറിട്ടി ചെയർമാൻ റിട്ടയേർഡ് ജസ്റ്റിസ് വി. കെ. മോഹനൻ ഫേസ്ബുക്കിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത് സ്റ്റേറ്റിനുതന്നെ അങ്ങേയറ്റം അപമാനകാരവും, നാണക്കേടുമാണ്.

കുഗ്രാമങ്ങളിലെ അംഗൺവാടികൾക്ക് പോലും വെബ്‌സൈറ്റുകളും ഓൺലൈൻ സേവനങ്ങളും ഉണ്ടെന്നിരിക്കെ സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഈ വിലാപം അംഗീകരിച്ചു നൽകാനാവില്ല.

വിഷയത്തിൽ ഉടൻ നടപടിയെടുക്കണമെന്നും, KPCA ക്ക് ഉടൻ വെബ്‌സൈറ്റും, ഓൺലൈൻ പരാതിക്കായുള്ള ഇമെയിൽ സംവിധാനങ്ങളും ഏർപ്പെടുത്തണം.

ഒന്നുകിൽ ഈ സംവിധാനംതന്നെ പിരിച്ചുവിട്ട് ചെയർമാന് നൽകുന്ന ശമ്പളവും ആപ്പീസ് ചിലവുകളും ഉൾപ്പെടെ ഞങ്ങൾ പൊതുജനങ്ങുടെ പണം ലാഭിക്കുക. അല്ലെങ്കിൽ മാന്യമായി പ്രവൃത്തിക്കാനുള്ള സംവിധാനമൊരുക്കുക.

പൊലീസിലെ കാപാലികരെ പിരിച്ചുവിടുക.

അഡ്വ ശ്രീജിത്ത് പെരുമന.'