ഈ നാഴികക്കല്ല് പിന്നിടുന്ന ലോകത്തെ ആദ്യ കേന്ദ്ര ബാങ്ക്
മുംബയ്: ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്കിനെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം പത്തുലക്ഷം കടന്നു. ലോകത്ത് ഈ നാഴികക്കല്ല് പിന്നിട്ട ആദ്യ കേന്ദ്ര ബാങ്കെന്ന പട്ടവും റിസർവ് ബാങ്കിന് സ്വന്തം. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇ.സി.ബി) എന്നിവയെപ്പോലും മറികടന്നാണ് റിസർവ് ബാങ്കിന്റെ നേട്ടം.
@RBI എന്നതാണ് ട്വിറ്ററിൽ റിസർവ് ബാങ്കിന്റെ ഹാൻഡിൽ. 2020 സെപ്‌തംബർ 27ന് ഫോളോവർമാരുടെ എണ്ണം 9.66 ലക്ഷമായിരുന്നു. ഇന്നലെ ഇത് 10 ലക്ഷം കടന്നു. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം ഇന്നലെ ട്വീറ്റ് ചെയ്‌തത്.
ലോകത്തെ ഏറ്റവും കരുത്തുറ്റതും ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ സ്വാധീനിക്കുന്നതുമായ അമേരിക്കൻ ഫെഡറൽ റിസർവിന് ട്വിറ്ററിലുള്ളത് 6.67 ലക്ഷം ഫോളോവേഴ്‌സ് മാത്രമാണ്. ഫ്രാങ്ക്‌ഫർട്ട് ആസ്ഥാനമായുള്ള യൂറോപ്യൻ സെൻട്രൽ ബാങ്കിനെ ഫോളോ ചെയ്യുന്നത് 5.91 ലക്ഷം പേർ.
മൈക്രോ ബ്ളോഗിംഗ് ആപ്പായ ട്വിറ്ററിൽ 2012 ജനുവരിയിലാണ് റിസർവ് ബാങ്ക് അക്കൗണ്ട് തുറന്നത്. ഫെഡറൽ റിസർവ് 2009 മാർച്ചിലും ഇ.സി.ബി ആ വർഷം ഒക്‌ടോബറിലും. നടപ്പു സാമ്പത്തിക വർഷം മാത്രം റിസർവ് ബാങ്കിനെ പുതുതായി പിന്തുടരാൻ തുടങ്ങിയത് 2.5 ലക്ഷം പേരാണ്. @RBIsays എന്നൊരു ട്വിറ്റർ അക്കൗണ്ട് കൂടി റിസർവ് ബാങ്കിനുണ്ട്. ഫേസ്‌ബുക്കും അക്കൗണ്ടുമുണ്ട്.