വാഷിംഗ്ടൺ: ലോകത്തിലെ തന്നെ ഏറ്രവും വലിയ വാനനിരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നായ പോർട്ടറീക്കോയിലെ അരെസിബോ അടച്ചുപൂട്ടാനൊരുങ്ങി യു.എസ് നാഷനൽ സയൻസ് ഫൗണ്ടേഷൻ. 57 വർഷം മുൻപു സ്ഥാപിച്ച നിലയത്തിന് കഴിഞ്ഞയിടയ്ക്കായി കേടുപാടുകൾ സംഭവിച്ചിരുന്നു.
ആഗസ്റ്റിൽ കേബിളുകളിലൊന്നു പൊട്ടിവീണ് 1000 അടി വിസ്താരമുള്ള റിഫ്ലക്ടർ ഡിഷിൽ 100 അടി നീളത്തിൽ ദ്വാരം വീണതിനെത്തുടർന്നു നിലയത്തിന്റെ പ്രവർത്തനം നിർത്തിയിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു കേബിൾ പൊട്ടി ഡിഷിനും കൂടുതൽ കേബിളുകൾക്കും കേടുപറ്റി.
റിഫ്ലക്ടർ ഡിഷും 405 അടി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന 900 ടൺ ഭാരമുള്ള ഭാഗവും ഏറെ സങ്കീർണമായ നിർമിതിയാണ്. തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് ഇതിൽ അറ്റകുറ്റപ്പണി നടത്തേണ്ടെന്ന തീരുമാനത്തെത്തുടർന്നാണ് നിലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. നിലയം നിയന്ത്രിതസ്ഫോടനത്തിലൂടെ തകർക്കാനാണു പദ്ധതി. 2017 ലെ മരിയ ചുഴലിക്കാറ്റും 2019 ലെ ഭൂകമ്പവും നിലയത്തിനു കടുത്ത നാശനഷ്ടം വരുത്തിയിരുന്നു.
2016ൽ ചൈനയിലെ ഗ്വിഷു പ്രവിശ്യയിൽ ടെലിസ്കോപ് സ്ഥാപിക്കുന്നതു വരെ ലോകത്തെ ഏറ്റവും വലിയ ദൂരദർശിനിയായിരുന്നു അരെസിബോയിലേത്. ഇത് ഉപയോഗിച്ചാണ് 1974 ൽ റേഡിയോ തരംഗം പുറപ്പെടുവിക്കുന്ന ന്യൂട്രോൺ നക്ഷത്രങ്ങൾ കണ്ടെത്തിയത്. ഈ നേട്ടത്തിന് 1993ൽ നൊബേൽ പുരസ്കാരം ലഭിച്ചിരുന്നു.