sureshgopi

തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ശബരിമല സ്ത്രീപ്രവേശനവിവാദത്തെ വീണ്ടും ഓർമ്മിപ്പിച്ച് സുരേഷ് ഗോപി. മറ്റ് പാര്‍ട്ടികള്‍ വിവാദങ്ങളില്‍ കുരുങ്ങിയിരിക്കുന്നതിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

'അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല, എന്നാല്‍ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്, ഒരാളുണ്ട് ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ത്ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച്‌ പറയുന്നു-എന്റെ അയ്യന്‍, എന്റെ അയ്യന്‍'. സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് അനുകൂലമായി മാനസികമായ മാറ്റം ജനങ്ങളിലുണ്ടാകണം. ശക്തമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്. കേരളത്തിലെവിടെയൊക്കെ ബി.ജെ.പിയ്ക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം. അതുതന്നെയാണ് മറ്റ് പാര്‍ട്ടികള്‍ ഭയക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

ജനങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് അതിനുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.