പൂർണമായി ഖത്തറിൽ ചിത്രീകരിച്ച ആ്യ ഇന്ത്യൻ സിനിമയെന്ന വിശേഷതയോടെ എത്തുന്ന 'എൽമർ' എന്ന മലയാള ചിത്രത്തിന്റെ ടീസർ സംവിധായകൻ ലാൽജോസ് റിലീസ് ചെയ്തു. രാജ് ഗോവിന്ദ് പ്രൊഡക്ഷൻസ് നിർമ്മിച്ച്, സന്തോഷ് കീഴാറ്റൂരും ഖത്തറിലെ മലയാളി വിദ്യാർത്ഥിയും ആലുവ സ്വദേശിയുമായ മാസ്റ്റർ ദേവും ഖത്തറിലെ പ്രവസികളായ അറുപതോളം നടീനടന്മാരും അഭിനയിക്കുന്ന ചിത്രത്തിന്റെ അവസാന ഘട്ട ജോലികൾ പൂർത്തിയാവുന്നു. പ്രവാസ ജീവിതത്തിന്റെ സംഘർഷത്തിനിടയിൽ സ്നേഹ വാത്സല്യങ്ങൾ ഒരു നുള്ള് പേലെ മാത്രം വീതിച്ചു കിട്ടുന്ന കുട്ടികളിലേക്കു ക്യാമറ തിരിച്ചു വയ്ക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നത് തെക്കെ ഇന്ത്യയിലെ പ്രമുഖ ഗായകരാണ്. കുട്ടിക്കാലത്ത് പഴയ തലമുറ ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യം പ്രവാസി കുട്ടികൾക്ക് നിഷേധിക്കപ്പെടുന്നത് ചിത്രം ചർച്ചചെയ്യുന്നു. മലയാളത്തിന്റെ ഒരു പ്രമുഖ സംവിധായകൻ നരേറ്ററായി ചിത്രത്തിന്റെ പിന്നണിയിലും കൂടെയുണ്ട്. പ്രവാസി മലയാളിയും ആലുവ സ്വദേശിയുമായ രാജേശ്വർ ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിന്റ തിരക്കഥയും സംവിധാനവും ഗോപി കുറ്റിക്കോൽ നിർവ്വഹിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് അജയ്‌കുമാർ സംഗീതം പകരുന്നു. ഹരിഹരൻ, ഹരിചരൺ എന്നിവരാണ് ഗായകർ. കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീതം നൽകിയ കുട്ടികളുടെ ഗാനം രാമപ്രിയ ആലപിക്കുന്നു.ജിസ്ബിൻ സെബാസ്റ്റ്യൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റർ: ലിന്റോ തോമസ്. അടുത്ത വർഷം ഏപ്രിലിൽ 'എൽമർ ' പ്രദർശനത്തിനെത്തും. പി.ആർ.ഒ: എ.എസ് ദിനേശ്.