ചക്കുളത്തുകാവ്: സ്ത്രീകളുടെ ശബരിമലയായി അറിയപ്പെടുന്ന ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയുടെ വിളംബരമറിയിച്ച് നിലവറ ദീപം തെളിഞ്ഞു. മൂലകുടുംബത്തിലെ നിലവയിൽ കെടാതെ സൂക്ഷിച്ച നിലവിളക്കിൽ നിന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പകർന്നെടുത്ത ദീപം കൊടിമരച്ചുവട്ടിൽ പ്രത്യേകം തയാറാക്കിയ നിലവിളക്കിലേക്ക് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പകർന്നതോടെ പൊങ്കാല വിളംബരത്തിന് തുടക്കംകുറിച്ചു.
തുടർന്ന് തിന്മയുടെ പ്രതീകമായ കാർത്തിക സ്തംഭം ഉയർത്തി. കാർത്തിക പൊങ്കാല ദിവസം ദീപാരാധനയ്ക്ക് മുന്നോടിയായി സ്തംഭം കത്തിക്കും. ഇതോടെ സകല പാപങ്ങളും പരിഹരിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
പൊങ്കാല 29 ന്
പൊങ്കാലദിവസം പത്തിന് ദേവിയെ പുറത്തേക്ക് എഴുന്നള്ളിച്ച് ക്ഷേത്ര കൊടിമര ചുവട്ടിലെ മണ്ഡപത്തിൽ ഭദ്രദീപം തെളിക്കും. തുടർന്ന് പണ്ടാര പൊങ്കാല അടുപ്പിൽ അഗ്‌നിപകരും. 12ന് പൊങ്കാലനിവേദ്യം നടക്കും. തുടർന്ന് ദേവിയെ അകത്തേക്ക് എഴുന്നള്ളിച്ച് ഉച്ചദീപാരാധനയും ദിവ്യാഭിഷേകവും നടത്തും. വൈകിട്ട് ദീപാരാധനയോടെ കാർത്തിക സ്തംഭത്തിൽ അഗ്‌നിപകരും. പൊങ്കാലയും, തുടർന്ന് നടക്കുന്ന ചടങ്ങുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും.