gold-bis

കൊച്ചി: രാജ്യത്ത് വിറ്റഴിയുന്ന സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന ബി.ഐ.എസ് ഹാൾമാർക്കിംഗ് അടുത്ത ജൂൺ ഒന്നുമുതൽ തന്നെ നിർബന്ധമാക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ബി.ഐ.എസ് രജിസ്‌ട്രേഷൻ നേടാൻ രാജ്യത്തെ സ്വർണാഭരണ വിതരണക്കാർക്ക് അടുത്ത ജൂലായ് വരെ സമയം ലഭിക്കും.

അടുത്ത ജനുവരി 15 മുതൽ ബി.ഐ.എസ് ഹാൾമാർക്കിംഗ് നടപ്പാക്കുമെന്നാണ് കേന്ദ്രം ആദ്യം പറഞ്ഞിരുന്നത്. കൊവിഡ് പശ്ചാത്തലത്തിലാണ് ജൂണിലേക്ക് നീട്ടിയത്. ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്ന നടപടികൾ ഈ വർഷം ജനുവരി 15ന് തുടങ്ങിയിരുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2016ലെ കണക്കുപ്രകാരം രാജ്യത്ത് 3.85 ലക്ഷം മുതൽ 4.10 ലക്ഷം വരെ സ്വർണാഭരണ വിതരണക്കാരുണ്ട്. ഇവരിൽ 50,000ൽ താഴെപ്പേർ മാത്രമാണ് ലൈസൻസുള്ളവർ.

ഇന്ത്യയിൽ വിറ്റഴിയുന്ന സ്വർണാഭരണങ്ങളിൽ നിലവിൽ 40-50 ശതമാനത്തോളം മാത്രമാണ് ബി.ഐ.എസ് ഹാൾമാർക്കുള്ളത്. സംഘടിത മേഖലയിലെ ഒട്ടുമിക്ക വിതരണക്കാർക്കും ബി.ഐ.എസ് രജിസ്ട്രേഷനുണ്ട്. അസംഘടിതരായ സ്വർണാഭരണ വിതരണക്കാർക്കാണ് കേന്ദ്രനിർദേശം ആശങ്കയാവുക.

കൊവിഡ് കാലത്ത് അസംഘടിത മേഖലയിലെ 10 ശതമാനത്തോളം സ്വർണാഭരണ ശാലകൾ പൂട്ടിപ്പോയെന്നാണ് റിപ്പോർട്ടുകൾ. കൊവിഡും ലോക്ക്ഡൗണും മൂലം സമ്പദ്‌ഞെരുക്കമുണ്ടായതും ഡിമാൻഡില്ലായ്മയുമാണ് തിരിച്ചടിയായത്.

ഹാൾമാർക്കിംഗ്

സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് ഹാൾമാർക്ക് മുദ്ര നൽകുന്നത്. സ്വർണം ബി.ഐ.എസ് ഹാൾമാർക്ക് ചെയ്‌തതാണോ എന്നറിയാൻ നാലു കാര്യങ്ങളുണ്ട്.

1. ബി.ഐ.എസ് മാർക്ക്

2. കാരറ്രിൽ സൂചിപ്പിച്ച നിലവാരം

3. ഹാൾമാർക്കിംഗ് സ്ഥാപനത്തിന്റെ പേര്

4. ജുവലറിയുടെ ഐഡന്റിഫിക്കേഷൻ.

ബി.ഐ.എസ് കേന്ദ്രം

 രാജ്യത്ത് 234 ജില്ലകളിലായി 892 ബി.ഐ.എസ് ഹാൾമാർക്കിംഗ് കേന്ദ്രങ്ങളുണ്ട്.

 14 കാരറ്ര്, 18 കാരറ്ര്, 22 കാരറ്ര് സ്വർണാഭരണങ്ങൾക്കാണ് ബി.ഐ.എസ് ഹാൾമാർക്കിംഗ് വേണ്ടത്. മറ്ര് കാരറ്ര് സ്വർണാഭരണങ്ങൾ വിൽക്കാനാവില്ല.

 വിദേശങ്ങളിലെ 21 കാരറ്ര് സ്വർണാഭരണം കൊണ്ടുവന്ന് ഉപയോഗിക്കാനും മാറ്റിവാങ്ങാനും വിൽക്കാനും തടസമില്ല.

ജനങ്ങളുടെ പക്കലുള്ള

സ്വർണത്തിന് പ്രശ്‌നമില്ല

 ഉപഭോക്താക്കളുടെ കൈവശമുള്ള സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാർമാർക്കിംഗ് നിബന്ധന ബാധകമല്ല. സ്വർണക്കടയിൽ വിൽക്കുന്നവയ്ക്കാണ് ബാധകം.

 ഉപഭോക്താക്കളുടെ കൈവശമുള്ള, ബി.ഐ.എസ് മുദ്ര‌യില്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാം, മാറ്റിവാങ്ങാം. വിൽക്കുമ്പോൾ വിപണിവില തന്നെ ലഭിക്കും. ബാങ്കുകളിൽ പണയവും വയ്ക്കാം.

800 ടൺ

ലോകത്ത് സ്വർണം ഇറക്കുമതിയിൽ ഒന്നാമതും ഉപഭോഗത്തിൽ ചൈനയ്ക്ക് പിന്നിലായി രണ്ടാമതുമാണ് ഇന്ത്യ. പ്രതിവർഷം 700-800 ടൺ സ്വർണമാണ് ഇന്ത്യയുടെ ഇറക്കുമതി.