ചെന്നൈ: നടൻ വിജയുടെ പേരിൽ ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയായി രൂപീകരിക്കുന്ന നീക്കത്തിൽ നിന്ന് പിന്മാറി താരത്തിന്റെ പിതാവും നിർമ്മാതാവുമായ എസ്.എ ചന്ദ്രശേഖർ. ഫാൻസ് അസോസിയേഷൻ രാഷ്ട്രീയപാർട്ടിയായി രജിസ്റ്റർ ചെയ്യരുതെന്ന് കാട്ടി ചന്ദ്രശേഖർ ഇലക്ഷൻ കമ്മിഷന് കത്തയച്ചു. വിജയുടെ ആരാധകവൃന്ദത്തെ 'ആൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം" എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാനായി ഇലക്ഷൻ കമ്മിഷന് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ചന്ദ്രശേഖർ. ഇതിനിടെയാണ് താരപിതാവിന്റെ പെട്ടന്നുള്ള പിന്മാറ്റം. ഇക്കഴിഞ്ഞ നവംബർ അഞ്ചിനാണ് മകന്റെ പേരിൽ പാർട്ടി രൂപീകരിക്കുന്നതായി ചന്ദ്രശേഖർ അറിയിച്ചത്. അന്നു തന്നെ ഇതിനെതിരെ വിജയ് രംഗത്തെത്തിയിരുന്നു. തുടർന്ന് വിജയുടെ അമ്മയും ചന്ദ്രശേഖറിനെതിരെ മാദ്ധ്യമങ്ങളെ കണ്ടു. എന്നാൽ തന്റെ തീരുമാനവുമായി ചന്ദ്രശേഖർ മുന്നോട്ടു പോവുകയായിരുന്നു. ഇതിനിടെയാണ് ഏവരെയും അമ്പരപ്പിച്ചുള്ള പിന്മാറ്റവും എത്തിയത്. പുതിയ തീരുമാനത്തിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടില്ല.