passengers

തിരുവനന്തപുരം: രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക് മടങ്ങും. ആദ്യഘട്ടത്തിൽ പകുതി സർവീസുകൾ. പടിപടിയായി മുഴുവൻ സർവീസുകളും പുനരാരംഭിക്കും. ഡിസംബറിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കും. കേന്ദ്ര ആഭ്യന്തര വകുപ്പാണ് അന്തിമാനുമതി നൽകേണ്ടത്. സർവീസ് തുടങ്ങുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച റിപ്പോർട്ട് റെയിൽവേ തയ്യാറാക്കിവരികയാണ്.

കൊവിഡ് വ്യാപനം കുറഞ്ഞ ബംഗാളിലും, മഹാരാഷ്ട്രയിലും ലോക്കൽ ട്രെയിൻ സർവീസുകൾ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. കർണ്ണാടകത്തിലും ഭാഗികമായി ആരംഭിച്ചു. തമിഴ്നാട്ടിൽ സബർബൻ ട്രെയിനുകളിൽ ഇന്നു മുതൽ വനിതകളെയും പ്രവേശിപ്പിക്കും. മധുര, ചെന്നൈ ഡിവിഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റും നൽകുന്നു. രാജ്യത്തെ മിക്ക സ്റ്റേഷനുകളിലും ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തിക്കുന്നു. യാത്രക്കാരുടെ എണ്ണവും കൂടിത്തുടങ്ങി. എന്നാൽ,കൊവിഡ് വ്യാപനം കുറയാത്തതിനാൽ കേരളത്തിൽ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിച്ചിട്ടില്ല. ലോക്ക് ഡൗണിനു ശേഷം ഏതാനും സ്പെഷ്യൽ ട്രെയിനുകൾ ജൂൺ ഒന്നിനാണ് ഓടിത്തുടങ്ങിയത്. സംസ്ഥാനത്തേക്ക് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിക്കും.

ട്രെയിനുകളിൽ നിലവിൽ റിസർവ് യാത്രക്കാരെയാണ് അനുവദിക്കുന്നത്. ദീർഘദൂര ട്രെയിനുകളിൽ റിസർവ് ചെയ്യുന്നവർ 90 മിനിട്ട് മുമ്പ് സ്റ്റേഷനിലെത്തണം. തെർമ്മൽ സ്‌കാനിംഗ് നടത്തും. എല്ലാം സീറ്റിലും റിസർവേഷനുണ്ട്. ജനുവരി മുതൽ പതിവു പോലെയാവുമ്പോൾ, റിസർവ് ചെയ്യാത്തവർക്ക് കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് നൽകുമെങ്കിലും, ഒഴിവുള്ള സീറ്റുകൾക്കനുസൃതമായി ക്രമപ്പെടുത്തും. കുറച്ചു കാലത്തേക്കെങ്കിലും പ്ലാറ്റ്ഫോം ടിക്കറ്റ് ചാർജ് കൂട്ടും.

ട്രെയിനുകൾ (കൊവിഡിന് മുമ്പ്)

രാജ്യത്താകെ

പാസഞ്ചർ - 13,523

എക്‌സ്‌പ്രസ് - 9146

(ഇപ്പോൾ)​

സ്പെഷ്യൽ - 592

 കേരളത്തിൽ

പാസഞ്ചർ -159

എക്സ്‌പ്രസ് -188

ഇപ്പോൾ

സ്പെഷ്യൽ - 26

കേരളത്തിൽ മുൻഗണന

കേരളത്തിൽ ട്രെയിനുകൾ സാധാരണ നിലയിലാകുമ്പോൾ മുൻഗണന ലഭിക്കുന്ന സർവീസുകൾ (ഇപ്പോൾ ഓടുന്നവയ്‌ക്ക് പുറമേ)​ഇവയാണ്.

കൊച്ചുവേളി- ബംഗളൂരു സൂപ്പർഫാസ്റ്ര്

കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി എക്സ്‌പ്രസ്

തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ്

കന്യാകുമാരി- മുംബയ് ജയന്തി ജനത എക്സ്‌പ്രസ്

എറണാകുളം-ഗോരഖ്പൂർ എക്സ്‌പ്രസ്

വഞ്ചിനാട് എക്സ്‌പ്രസ്

മാവേലി എക്സ്‌പ്രസ്

മലബാർ എക്സ്‌പ്രസ്

പാലക്കാട് -മധുര എക്സ്‌പ്രസ്

ഓഫീസ് സമയത്തുള്ള ഷട്ടിലുകൾ