കൊച്ചി: കൊവിഡ് കാലത്ത് ഇന്ത്യൻ മൂലധന വിപണിയിലേക്കുള്ള വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപത്തിൽ റെക്കാഡ് മുന്നേറ്റം. കൊവിഡ് വ്യാപനം രൂക്ഷമാകുംമുമ്പ് കഴിഞ്ഞ മാർച്ചിൽ 61,973 കോടി രൂപയുടെ വിദേശ നിക്ഷേപം ഇന്ത്യൻ ഓഹരികളിൽ നിന്ന് മാത്രം കൊഴിഞ്ഞിരുന്നു; സെൻസെക്‌സും നിഫ്‌റ്റിയും 23 പോയിന്റോളം തകരുകയും ചെയ്‌തു.
എന്നാൽ, തുടർന്നുള്ള എട്ടുമാസങ്ങളിൽ (ഏപ്രിൽ-നവംബർ) റെക്കാഡ് 1,40,295 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) വാങ്ങിക്കൂട്ടിയത്. 2012-13ൽ ആകെ ലഭിച്ച 1,40,033 കോടി രൂപയുടെ റെക്കാഡാണ് നടപ്പുവർഷം ആദ്യ എട്ടുമാസത്തിൽ തന്നെ പഴങ്കഥയായത്.
വിദേശ വ്യക്തികളും നിക്ഷേപക സ്ഥാപനങ്ങളും ഉൾപ്പെടുന്നതാണ് എഫ്.പി.ഐകൾ. ഈമാസത്തെ ആദ്യ 20 ദിവസത്തിൽ തന്നെ 44,378 കോടി രൂപയാണ് സെൻസെക്‌സിലേക്ക് മാത്രമൊഴുകിയത്. സെൻസെക്‌സ് ഈമാസം ഇതുവരെ 4,267 പോയിന്റ് കുതിക്കുകയും ചെയ്‌തു. കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള കേന്ദ്ര പദ്ധതികൾ, അമേരിക്കയിൽ ജോ ബൈഡന്റെ വിജയം, കൊവിഡിന് വാക്‌സിൻ സജ്ജമാകുന്നുവെന്ന വാർത്തകൾ എന്നിവയാണ് നിക്ഷേപകരെ ആവേശത്തിലാക്കുന്നത്.