ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശമായി നിർമ്മിക്കുന്ന കൊവിഡ് വാക്ലിനായ കൊവാക്‌സിന് 60% ഫലപ്രാപ്തിയെന്നാണ് റിപ്പോര്‍ട്ട്. ഐ.സി.എം.ആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് ആണ് കൊവാക്‌സീന്‍ വികസിപ്പിക്കുന്നത്. 50 ശതമാനത്തിലേറെ ഫലമുണ്ടെങ്കിലാണ് ലോകാരോഗ്യ സംഘടന, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ്‌എഫ്ഡിഎ), സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) എന്നിവയുടെ അംഗീകാരം ലഭിക്കുകയെന്ന് ഭാരത് ബയോടെക് ക്വാളിറ്റി ഓപ്പറേഷന്‍സ് പ്രസിഡന്റ് സായ് ഡി. പ്രസാദ് പറഞ്ഞു.
ഫലപ്രാപ്തി 50 ശതമാനത്തില്‍ താഴെയാകാന്‍ സാദ്ധ്യത വളരെ കുറവാണെന്നാണ് ഇതുവരെയുള്ള പരീക്ഷണങ്ങള്‍ തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അനുമതി ലഭിക്കുന്നതനുസരിച്ച് 2021 മദ്ധ്യത്തോടെ വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഭാരത് ബയോടെക് ആണ് ഇന്ത്യയില്‍ ആദ്യമായി കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നത്. ഈ മാസം ആദ്യം പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26,000 ആള്‍ക്കാരിലാണ് പരീക്ഷണം നടത്തുന്നത്.