cm

തിരുവനന്തപുരം:പൊലീസ് നിയമഭേദദതിയിലെ വിവാദഭാഗത്ത് തിരുത്തൽ വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്ക് മാത്രം ബാധകമാക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ അധികം വൈകാതെ വ്യക്തത വരുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. നിയമ ഭേദഗതിക്കെതിരെ സിപിഎമ്മിലും പൊലീസിലും എതിർപ്പ് ശക്തമായിരുന്നു.

വ്യക്തിയെ ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ, അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും മാദ്ധ്യമങ്ങളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്താൽ അഞ്ചു വർഷം തടവോ, പതിനായിരം രൂപ പിഴയോ, രണ്ടും കൂടിയോ ശിക്ഷ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. ഏതെങ്കിലും മാദ്ധ്യമങ്ങൾ എന്നതിന്റെ പരിധിയിൽ സൈബർ മാദ്ധ്യമങ്ങൾ മാത്രമാവില്ല എന്നാണ് ആശങ്ക.

അപകീർത്തിപ്പെടുത്തലും അപമാനിക്കലും വ്യക്തികേന്ദ്രീകൃതമാണ്. ആരെയെങ്കിലും അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമുണ്ടെന്ന് പൊലീസിന് തോന്നിയാൽ വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാം. അത്തരം ഏകപക്ഷീയമായ പൊലീസ് നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്നാണ് ആക്ഷേപം. അതേസമയം,​ വിമർശനങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാദ്ധ്യമപ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു.