കൊച്ചി: ജുവലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹോസ്ദുർഗ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കമറുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
ഇടപാടിൽ തനിക്ക് പങ്കില്ലെന്നും, നിക്ഷേപം നേരിട്ട് സ്വീകരിച്ചിട്ടില്ലെന്നുമാണ് കമറുദ്ദീന്റെ വാദം. അതോടൊപ്പം ബിസിനസ് പരാജയപ്പെട്ടതുമൂലം ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടാണ് നിക്ഷേപകർക്ക് പണം നൽകാൻ കാലതാമസമുണ്ടായതെന്നും ഹർജിയിൽ പറയുന്നു.
അതേസമയം കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ലുക്കൗട്ട് നോട്ടീസിറക്കി രണ്ടാഴ്‌ചയാകുമ്പോഴും പൂക്കോയ തങ്ങൾ ഒളിവിൽ തുടരുകയാണ്. ജുവലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീനൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ.